Allahabad High Court controversial ruling: ‘മനുഷ്യത്വ രഹിതം’; പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Allahabad High Court controversial ruling: ബലാത്സംഗകേസിൽ രണ്ട് പ്രതികൾ നൽകിയ ഹർജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ ഹർജി സമർപ്പിച്ചത്.

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസ് കൈകാര്യം ചെയ്യുന്നതിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, എ.ജി. മാസിഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിൽ നിന്നും ഉത്തർപ്രദേശ് സർക്കാരിൽ നിന്നും മറുപടി തേടി.
രൂക്ഷമായ ഭാഷയിലാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയാണുണ്ടായത്. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല, അതിനാൽ വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ബലാത്സംഗകേസിൽ രണ്ട് പ്രതികൾ നൽകിയ ഹർജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ ഹർജി സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുക്കയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും ചെയ്തു. ആ സമയം ഒരാൾ വരുന്നത് കണ്ട് പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കേസിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവ് ഇട്ടു. ഇതിനെതിരെയാണ് ഹർജി നൽകിയത്.
പെൺകുട്ടിയെ നഗ്നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികൾ പറഞ്ഞിട്ടില്ലെന്നായിരുന്നു അലഹബാദ് കോടതിയുടെ നിരീക്ഷണം. അതിനാൽ കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.