Tamil Nadu Governor RN Ravi: ബില്ലുകൾ പിടിച്ച് വയ്ക്കുന്നത് നിയമ വിരുദ്ധം; തമിഴ്നാട് ഗവർണറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
Tamil Nadu Governor RN Ravi: രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ മാറ്റി വച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സർക്കാർ പാസാക്കിയ ബില്ലുകൾ പിടിച്ച് വയ്ക്കുന്നത് ശരിയല്ലെന്നും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് കോടതിയുടെ വിമർശനം.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ മാറ്റി വച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചായിരിക്കണമെന്നും കോടതി പറഞ്ഞു.
ബില്ലുകൾ തടഞ്ഞ് വയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണർ ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു ബില്ലിന് അംഗീകാരം നൽകുന്നതിനോ, അത് സഭയിലേക്ക് തിരിച്ചയക്കുന്നതിനോ, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനോ ഗവർണർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്കും ജനാധിപത്യ മാനദണ്ഡങ്ങൾക്കും അനുസരിച്ചാകണമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമമാണ് ഗവർണറുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ ഭരണഘടന തലവൻ എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാതെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.