പതഞ്ജലിയുടെ നിരോധിച്ച ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇപ്പോഴും ലഭ്യം; ഉടന്‍ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി
നിരോധിച്ചിട്ടും അത്തരം ഉത്പന്നങ്ങളുടെ പരസ്യം നീക്കം ചെയ്യുന്നതില്‍ എന്തുകൊണ്ടാണ് അന്വേഷണ സംഘം ഇടപെടാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി,അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം
ന്യൂഡല്‍ഹി: പതഞ്ജലിയുടെ നിരോധനമേര്‍പ്പെടുത്തിയ ഉത്പന്നങ്ങളുടെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ഉള്ളതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്.
തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നിരോധിച്ചിട്ടും അത്തരം ഉത്പന്നങ്ങളുടെ പരസ്യം നീക്കം ചെയ്യുന്നതില്‍ എന്തുകൊണ്ടാണ് അന്വേഷണ സംഘം ഇടപെടാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി,അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
അടുത്ത ഹിയറിങിന് മുമ്പ് പരസ്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുനല്‍കി. പതഞ്ജലിയുടെ പതിനാല് ഉത്പന്നങ്ങളുടെ ലൈസന്‍സാണ് നേരത്തെ റദ്ദാക്കിയിരുന്നത്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കും സഹസ്ഥാപകന്‍ ബാബാ രാംദേവിനെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റിയാണ് പതഞ്ജലിയുടെ ഉല്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയത്. പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉത്പ്പന്നങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വതി എക്സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാഷിനി വാതി എക്സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഇയെ ഗോള്‍ഡ് എന്നിവയാണ് നിരോധിച്ച ഉത്പ്പന്നങ്ങള്‍.
തെറ്റിധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിധരിപ്പിച്ച് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി.
പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ പ്രതികരിച്ചില്ല. ഇതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.
നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയര്‍ത്തിയിരുന്നു. പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി പലതവണയായി നിരസിച്ചിരുന്നു.
തെറ്റായ പരസ്യങ്ങള്‍ നല്‍കിയതിന് പതഞ്ജലിയുടെ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് കോടതി താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പലതവണയാണ് പതഞ്ജലി മാപ്പപേക്ഷ നടത്തിയത്.
അതേസമയം, ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമലംഘിച്ചുകൊണ്ടുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും പരസ്യ നിര്‍മ്മാതാക്കളെ പോലെ ഉത്തരവാദിത്തത്തമുണ്ടെന്നാണ് കോടതി പറഞ്ഞത്.
അതേസമയം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ആര്‍വി അശോകിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പതഞ്ജലിം എംഡി ആചാര്യ ബാലകൃഷ്ണ. പതഞ്ജലി കേസുമായി ബന്ധപ്പെട്ട് ഐഎംഎ പ്രസിഡന്റ് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ദ്യമായ ചില പ്രസ്താവനകള്‍ നടത്തിയെന്നാണ് ബാലകൃഷ്ണ ആരോപിക്കുന്നത്.