Tirupati Laddu row: രാഷ്ട്രീയത്തിൽ നിന്ന് ദൈവങ്ങളെ അകറ്റണം: തിരുപ്പതി വിഷയത്തിൽ സുപ്രീംകോടതി
Supreme Court on Tirupati Laddu : തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് വിവാദം കത്തിപ്പടർന്നത്.
ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പവിത്രമായ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച കോടതി, “ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു.
സംസ്ഥാന സർക്കാർ വിഷയം കൈകാര്യം ചെയ്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ വ്യക്തമായ തെളിവുകൾ ശേഖരിക്കുന്നതിന് മുമ്പ് ആരോപണങ്ങൾ പരസ്യപ്പെടുത്താനുള്ള അവരുടെ തീരുമാനവും ചോദ്യം ചെയ്തു. ലാബ് റിപ്പോർട്ടുകളുമായി മാധ്യമങ്ങളിൽ തിരക്കുകൂട്ടേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും കോടതി ചോദ്യം ചെയ്തു.
ജൂലൈയിൽ ലാബ് റിപ്പോർട്ടുകൾ ആന്ധ്രാപ്രദേശ് സർക്കാരിന് ലഭ്യമായിരുന്നുവെങ്കിലും വിഷയത്തിൽ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷം സെപ്റ്റംബറിൽ മാത്രമാണ് അവ പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് കോടിക്കണക്കിന് ആളുകളുടെ വികാരത്തെ ബാധിക്കുന്നുവെന്നും കോടതി പറഞ്ഞു. കൂടാതെ, ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മായം കലർന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
ALSO READ – തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ; ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് വിവാദം കത്തിപ്പടർന്നത്. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് പരിശോധിക്കാൻ തീരുമാനിച്ചത്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) നടത്തിയ പരിശോധനയിലാണ് സംഭവം സ്ഥിതീകരിച്ചത്.
ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മീൻ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുള്ളതായാണ് പരിശോധനയിൽ കണ്ടെത്തി. വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലായിരുന്ന കാലത്തെ ലഡുവാണ് പരിശോധിച്ചത്.