Supreme Court: രാജ്യത്തിൻ്റെ ഒരു ഭാഗത്തേയും പാകിസ്ഥാൻ എന്ന് വിളിക്കരുത്; താക്കീതുമായി സുപ്രീം കോടതി
Supreme Court Karnataka High Court Justice's Statement: ഒരു വിഭാഗത്തിനെതിരെ പരാമര്‍ശം ഉന്നയിക്കുന്നത് പക്ഷപാതിയെന്ന ആക്ഷേപമുയര്‍ത്തും. ഇന്ത്യയുടെ ഒരു മേഖലയേയും പാക്കിസ്ഥാനെന്ന് വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജഡ്ജിമാര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ നന്നായി ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ജഡ്ജി വി ശ്രീശാനന്ദയുടെ പരാമര്‍ശത്തിനെതിരെ
സ്വമേധയ സ്വീകരിച്ച ഹരജിയിന്മേലുള്ള നടപടികള്‍ സുപ്രീം കോടതി (Supreme Court) അവസാനിപ്പിച്ചു. വി ശ്രീശാനന്ദയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ചുകൊണ്ടാണ് നടപടി. രാജ്യത്തിന്റെ ഒരു ഭാഗത്തേയും പാക്കിസ്ഥാനെന്ന് വിളിക്കരുതെന്ന് സുപ്രീം കോടതി ശ്രീശാനന്ദയോട് നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് (Dhananjaya Yeshwant Chandrachud) ഉള്‍പ്പെടെയുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഒരു വിഭാഗത്തിനെതിരെ പരാമര്‍ശം ഉന്നയിക്കുന്നത് പക്ഷപാതിയെന്ന ആക്ഷേപമുയര്‍ത്തും. ഇന്ത്യയുടെ ഒരു മേഖലയേയും പാക്കിസ്ഥാനെന്ന് വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജഡ്ജിമാര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ നന്നായി ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിമുറിയിലെ നടപടികള്‍ നിരീക്ഷിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ സജീവമായ പങ്കുണ്ട്. അതിനാല്‍ ജുഡീഷ്യറിയില്‍ നിന്നുണ്ടാകുന്ന പ്രയോഗങ്ങള്‍ കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന മര്യാദയുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അടിയന്തിരമാണെന്നും സുപ്രീംകോടതി ബെഞ്ച് ഓര്‍മിപ്പിച്ചു.
എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ മനപൂര്‍വമല്ലായിരുന്നുവെന്നും കോടതി നടപടിക്കിടെ പറഞ്ഞ കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ശ്രീശാനന്ദ കോടതിയില്‍ പറഞ്ഞത്. തന്റെ പരാമര്‍ശം ഏതെങ്കിലും വ്യക്തിയേയോ സമൂഹത്തേയോ വിഭാഗത്തേയോ വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെയാണ് ജഡ്ജി ശ്രീശാനന്ദ പാക്കിസ്ഥാന്‍ എന്ന് വിളിച്ചത്. ബെംഗളൂരുവിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ഗോരി പാലി എന്ന പ്രദേശത്തെ കുറിച്ചായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം.
മൈസൂരു റോഡിന്റെ മേല്‍പ്പാലത്തിലേക്ക് പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും പത്ത് പേരെ കാണാം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാക്കിസ്ഥാനിലാണ്. ഇവിടെ നിയമങ്ങള്‍ ബാധകമല്ല എന്നതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണെങ്കിലും ആ പ്രദേശത്തുള്ളവര്‍ അയാളെ തല്ലിചതയ്ക്കും എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.
ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സുപ്രീം കോടതി സ്വമേധയ ഇടപെടുകയായിരുന്നു. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.