Sunita Williams’ India connection: സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ച് ജുലാസന്‍ ഗ്രാമം, രാജ്യത്തേക്ക് ക്ഷണിച്ച് മോദി; ആ ഇന്ത്യന്‍ ബന്ധം ഇങ്ങനെ
Sunita Williams' India connection explained: സുനിത വില്യംസിന്റെ അച്ഛന്‍ ദീപക് പാണ്ഡ്യ ജുലാസനിലാണ് ജനിച്ചത്. പിന്നീട് യുഎസിലേക്ക് കുടിയേറുകയായിരുന്നു. അമേരിക്കയില്‍ താമസമായെങ്കിലും ഇന്ത്യന്‍ പാരമ്പര്യം സുനിതയും കുടുംബവും മുറുകെപിടിച്ചു. ഇന്ത്യന്‍ പൈതൃകം എങ്ങനെയാണ് തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയതിനെക്കുറിച്ച് സുനിത വ്യക്തമാക്കിയിരുന്നു

നരേന്ദ്ര മോദി, സുനിത വില്യംസ്
ന്യൂഡല്‍ഹി: ബഹിരാകാശ യാത്രിക സുനിതാ വില്യംസിന് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുനിത വില്യംസിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെന്നും, സുനിതയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുവെന്നും മോദി കത്തില്‍ വ്യക്തമാക്കി. 1.4 ബില്യൺ ഇന്ത്യക്കാർ എപ്പോഴും സുനിതയുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മാതാവ് ബോണി പാണ്ഡ്യ സുനിതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാകുമെന്നും, മരിച്ചുപോയ പിതാവ് ദീപക്പാണ്ഡ്യയുടെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകുമെന്നും മോദി കുറിച്ചു. 2016ല്‍ യുഎസ് സന്ദര്‍ശനവേളയില്‍ സുനിതയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും സുനിത ഇന്ത്യക്കാരുടെ ഹൃദയങ്ങളിലുണ്ട്. സുനിതയുടെ ആരോഗ്യത്തിനും വിജയത്തിനും ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു. സുനിത ഇന്ത്യയിൽ എത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഏറ്റവും പ്രശസ്തയായ പുത്രിമാരിൽ ഒരാളായ സുനിതയെ ആതിഥേയത്വം വഹിക്കാൻ സാധിക്കുന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഘോഷത്തിമിര്‍പ്പില്‍ ജുലാസന്‍ ഗ്രാമം
സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവില്‍ ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം വന്‍ ആഘോഷത്തില്‍. സുനിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളില്‍ മുഴുകിയ ഗ്രാമം, ഒടുവില്‍ ആരതിയുഴിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചുമാണ് മടങ്ങിവരവ് ആഘോഷിച്ചത്. സുനിതയുടെ ബന്ധുക്കള്‍ നേരത്തെ അഹമ്മദാബാദില്‍ ഒരു യജ്ഞം സംഘടിപ്പിച്ചിരുന്നു.
#WATCH | Mehsana, Gujarat | People express joy and burst firecrackers in Jhulasan – the native village of NASA astronaut Sunita Williams after the successful Splashdown of SpaceX Dragon spacecraft carrying Crew-9 at Tallahassee, Florida
NASA's astronauts Sunita Williams and… pic.twitter.com/fKs9EVnPSf
— ANI (@ANI) March 18, 2025
സുനിത വില്യംസിന്റെ ഇന്ത്യാ ബന്ധം
സുനിത വില്യംസിന്റെ പിതാവ് ദീപക് പാണ്ഡ്യ ജുലാസനിലാണ് ജനിച്ചത്. പിന്നീട് യുഎസിലേക്ക് കുടിയേറുകയായിരുന്നു. അമേരിക്കയില്‍ താമസമായെങ്കിലും ഇന്ത്യന്‍ പാരമ്പര്യം സുനിതയും കുടുംബവും മുറുകെപിടിച്ചിരുന്നു. ഇന്ത്യന്‍ പൈതൃകം എങ്ങനെയാണ് തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയതിനെക്കുറിച്ച് സുനിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭക്ഷണങ്ങളോടുള്ള താല്‍പര്യവും സുനിത വ്യക്തമാക്കിയിട്ടുണ്ട്. സമൂസയാണ് ഇഷ്ടപലഹാരമെന്നും സുനിത വ്യക്തമാക്കിയിരുന്നു.
നേരത്തെ ബഹിരാകാശ യാത്രയ്ക്ക് ഭഗവദ്ഗീതയുടെ പകർപ്പ് കൊണ്ടുപോയതിനെക്കുറിച്ചും സുനിത വെളിപ്പെടുത്തിയിട്ടുണ്ട്. ഇനി ബഹിരാകാശ യാത്രയ്ക്ക് പോകുമ്പോള്‍ ഗണപതി വിഗ്രഹം കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്ന് 2016ല്‍ എന്‍ഡിടിവിയിക്ക് നല്‍കിയ അഭിമുഖത്തില്‍ സുനിത വെളിപ്പെടുത്തി. ഗണപതിയാണ് തന്റെ ഭാഗ്യചിഹ്നം. ഗണപതി തന്നോടൊപ്പമുണ്ടെന്നും സുനിത അന്ന് പറഞ്ഞു.