Maharashtra Hair Loss Issue: അസാധാരണ മുടികൊഴിച്ചിൽ; മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ പരിഭ്രാന്തിയിൽ
Sudden Hair Loss In Maharashtra: ഈ ഗ്രാമങ്ങളിൽ ഏകദേശം 30 മുതൽ 40 വരെ ആളുകൾക്ക് കാര്യമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ആളുകൾക്ക് അവരുടെ മുടി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എന്നാൽ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലം മലിനീകരണമായതാവാം മുടി കൊഴിഞ്ഞുപോകാൻ കാരണമെന്നും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഗ്രാമീണവാസികളുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകളിൽ അസാധാരണ മുടികൊഴിച്ചിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരിൽ ഒരാഴ്ചയ്ക്കിടെയാണ് ഇത്തരമൊരു മുടക്കൊഴിച്ചിൽ കണ്ടെത്തിയത്. അജ്ഞാതമായ ആരോഗ്യപ്രശ്നം മൂലം മൂന്ന് ഗ്രാമത്തിലെ നിവാസികൾ പരിഭ്രാന്തിയിലാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.
ഈ ഗ്രാമങ്ങളിൽ ഏകദേശം 30 മുതൽ 40 വരെ ആളുകൾക്ക് കാര്യമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ആളുകൾക്ക് അവരുടെ മുടി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എന്നാൽ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലം മലിനീകരണമായതാവാം മുടി കൊഴിഞ്ഞുപോകാൻ കാരണമെന്നും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഗ്രാമീണവാസികളുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.
പെട്ടെന്നുള്ള മുടികൊഴിച്ചിലിന് ഏതെങ്കിലും രോഗമോ മറ്റേതെങ്കിലുമാണോ എന്നത് പരിശോധനയ്ക്ക് ശേഷമാത്രമെ വ്യക്തമാകു. പെട്ടെന്ന് മുടികൊഴിയാൻ തുടങ്ങുകയും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിയിലാണ് പല ആളുകളും. ഗ്രാമത്തിലെ ഒരു വയോധിക ഒരാഴ്ച്ചയ്ക്കിടെ തൻ്റെ മുടി മുഴുവനായി കൊഴിഞ്ഞതായി ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
മൂന്ന് വില്ലേജുകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗബാധിതരായ ആളുകളുടെ തലയോട്ടിയിൽ ബയോപ്‌സി നടത്തണമെന്നും അതുവഴി രോഗം കണ്ടുപിടിക്കാൻ കഴിയുമെന്നും വിദഗ്ധർ പറഞ്ഞു. വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയുടെയും ബയോപ്‌സിയുടെയും റിപ്പോർട്ട് രണ്ടോ മൂന്നോ ദിവസത്തിനകം പുറത്തുവരും. അതുവരെ മുടികൊഴിച്ചിലിൻ്റെ കാരണത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
പരിശോധനാഫലം എത്തിയാൽ മാത്രമേ എന്താണ് യാഥാർഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂ. സംഭവം വലിയ ചർച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോൾ തന്നെ ഊരിപോരുന്ന അവസ്ഥ വീഡിയോയിലൂടെ വ്യക്തമാണ്.