Firecracker Bomb: അധ്യാപിക ശകാരിച്ചു; കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍
Firecracker Bomb Attack in Haryana: യൂട്യൂബ് നോക്കിയാണ് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നരേഷ് മേത്ത പറഞ്ഞു.
ചണ്ഡീഗഡ്: അധ്യാപികയുടെ കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പടക്കങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ ബോംബുണ്ടാക്കിയത്. അധ്യാപിക കസേരയില്‍ ഇരുന്ന ഉടനെ വിദ്യാര്‍ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്കബോംബ് പൊട്ടിക്കുകയായിരുന്നു.
അധ്യാപിക ക്ലാസിലേക്ക് എത്തുന്നതിന് മുമ്പായി വിദ്യാര്‍ഥികള്‍ കസേരയില്‍ പടക്ക ബോംബ് വെച്ചു. ക്ലാസിലെത്തിയ അധ്യാപിക കസേരയിലിരുന്നതോടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥികളാണ് അധ്യാപികയോട് ഇത്തരത്തില്‍ പെരുമാറിയത്.
പടക്കം പൊട്ടിയതോടെ കസേരയില്‍ നിന്ന് വീണ അധ്യാപികയ്ക്ക് പരിക്കേല്‍ക്കും ചെയ്തു. സ്‌കൂളിലെ സയന്‍സ് അധ്യാപികയാണ് ഇവര്‍. സംഭവത്തില്‍ പതിമൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥികളെ ശകാരിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് പടക്കബോംബുകള്‍ നിര്‍മിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് മീറ്റിങ് വിളിച്ചുചേര്‍ത്തു. ശേഷം അധ്യാപികയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ക്ഷമാപണം എഴുതിവാങ്ങുകയും ചെയ്തു. ആകെ പതിനഞ്ച് വിദ്യാര്‍ഥികളാണ് ക്ലാസില്‍ ഉള്ളത്. അതില്‍ പതിമൂന്ന് പേരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
യൂട്യൂബ് നോക്കിയാണ് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നരേഷ് മേത്ത പറഞ്ഞു.