Meta : കാമുകി പറഞ്ഞത് വേദനിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി; പോലീസിനെ അറിയിച്ച് രക്ഷിച്ച് മെറ്റ
Meta Alerts Police Saves Life : കാലഹരണപ്പെട്ട ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ മെറ്റയുടെ ഇടപെടൽ രക്ഷിച്ചു. കൃത്യ സമയത്ത് പോലീസിനെ വിവരമറിയിച്ചാണ് മെറ്റ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് മെറ്റ. കാലഹരണപ്പെട്ട ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു വിദ്യാർത്ഥി. ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ വിഡിയോ ആയി വിദ്യാർത്ഥി പങ്കുവച്ചതോടെ മെറ്റ പോലീസിനെ വിവരമറിയിച്ചു. ഉടൻ പോലീസെത്തി വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. കാമുകി പറഞ്ഞത് വേദനിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. മെറ്റ അറിയിച്ചതിനെ തുടർന്ന് 10 മിനിട്ടിനകം പോലീസ് എത്തുകയായിരുന്നു.
ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. കാമുകിയുടെ പെരുമാറ്റത്തിൽ മനം നൊന്ത വിദ്യാർത്ഥി കാലഹരണപ്പെട്ട ഗുളിക കഴിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കാമുകി പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്നും ഈ ഗുളികകൾ കഴിച്ച് താൻ മരിക്കാൻ പോവുകയാണെന്നും വിദ്യാർത്ഥി വിഡിയോയിൽ പറഞ്ഞിരുന്നു. ഇക്കാര്യം ഉടൻ തന്നെ മെറ്റ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി. 10 മിനിട്ടിനുള്ളിൽ എത്തിയ പോലീസ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.18ഓടെയാണ് സംഭവം. വിദ്യാർത്ഥിയായ കുട്ടി സൈറാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പഴയ ഗുളിക എടുത്ത് കഴിച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തു. ഉടൻ തന്നെ മെറ്റ ഡിജിപി ഓഫീസിലെ സോഷ്യൽ മീഡിയ സെൻ്ററിലേക്ക് ഇമെയിൽ അയച്ചു. ഇക്കാര്യമറിഞ്ഞ ഡിജിപി പ്രശാന്ത് കുമാർ എത്രയും വേഗം നടപടിയെടുക്കാൻ നിർദ്ദേശം നൽകി. കണ്ട്രോൾ റൂമിൽ നിന്ന് ലൊക്കേഷൻ മനസിലാക്കി ഇക്കാര്യം പോലീസ് മീഡിയ സെലിനെ അറിയിച്ചു. സൈറാപൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തായിരുന്നു ലൊക്കേഷൻ കണ്ടെത്തിയത്. 10 മിനിട്ടിനുള്ളിൽ സൈറാപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് മറ്റ് പോലീസുകാരുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി. ഗുളികകൾ ഛർദ്ദിപ്പിച്ച പോലീസുകാർ തുടർന്ന് കുട്ടിയ്ക്ക് കൗൺസിലിംഗ് കൂടി നൽകിയതിന് ശേഷമാണ് പോലീസുകാർ മടങ്ങിയത്. വിദ്യാർത്ഥിയെ ആശുപത്രിയിലാക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു.
കാമുകി പറഞ്ഞ ചില കാര്യങ്ങൾ തന്നെ വേദനിപ്പിച്ചെന്ന് വിദ്യാർത്ഥി പറഞ്ഞു. അതുകൊണ്ട് തന്നെ ജീവനൊടുക്കാൻ തീരുമാനിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പഴയ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ഗുളികകൾ ഭക്ഷിക്കുന്ന വിഡിയോ വിദ്യാർത്ഥി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് മെറ്റ ഇടപെട്ടത്.