Silvassa Boy Missing: കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത് തെരുവ് നായ; മൃതദേഹം മൺകൂനയ്ക്കുള്ളിൽ
Dadra and Nagar Haveli Boy Missing: കുട്ടിയുടെ പിതാവാണ് കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് 60 മീറ്റർ അകലെയുള്ള മണൽക്കൂനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഴിച്ചിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

സിൽവാസ: കാണാതായ ആൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത് തെരുവ് നായ. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര-നഗർ ഹവേലിയിലെ സിൽവാസയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് കുട്ടിയുടെ കൂടെ കളിക്കാറുണ്ടായിരുന്ന തെരുവ് നായയുടെ സഹായത്തോടെയാണ്. ചൊവ്വാഴ്ചയാണ് ആൺകുട്ടിയെ കാണാതായത്. വൈകുന്നേരം കളിക്കാൻ പോയ കുട്ടി തിരിച്ച് വരാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.
കുട്ടിയുടെ പിതാവാണ് കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് 60 മീറ്റർ അകലെയുള്ള മണൽക്കൂനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഴിച്ചിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് മൃതദേഹം കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളിൽ കുട്ടി ഒരു തെരുവ് നായയുമായി കളിക്കുന്നതിൻറെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ ആ മേഖലയിലുള്ളതാണെന്നും കുട്ടി അതിനൊപ്പം കളിക്കുകയും ഭക്ഷണം നൽകാറും ഉണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്നാണ് പോലീസ് നായയിലേക്ക് അന്വേഷണം തിരിച്ചത്. നായയെ കണ്ടെത്തുമ്പോൾ അത് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ മൺകൂനയ്ക്ക് മുകളിൽ കയറി മണൽ നീക്കുകയായിരുന്നു.
15 അടി ഉയരത്തിലുള്ള മണൽക്കൂനയിൽ അസ്വാഭാവികമായി നായയെ കണ്ട പോലീസാണ് മണൽ നീക്കി പരിശോധിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം ആന്തരീകാവയവങ്ങൾ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. നിലവിൽ മരണ കാരണം വ്യക്തമല്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.