ജമ്മു കശ്മീരിന് ഉടന്‍ സംസ്ഥാന പദവി: പ്രധാനമന്ത്രി
പതിറ്റാണ്ടുകള്‍ക്ക് ശേഷം, ജമ്മു കശ്മീരില്‍ തീവ്രവാദത്തെയും അതിര്‍ത്തി കടന്നുള്ള വെടിവെപ്പിന്റെ ഭീഷണിയെയും ഭയപ്പെടാതെ തെരഞ്ഞെടുപ്പ് നടക്കുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് ഉടന്‍ തന്നെ സംസ്ഥാന പദവി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ദംപൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദയവായി എന്നെ വിശ്വസിക്കൂ, കഴിഞ്ഞ 60 വര്‍ഷമായി ജമ്മു കശ്മീരിനെ അലട്ടുന്ന പ്രശ്നങ്ങളില്‍ നിന്ന് ഞാന്‍ രക്ഷപ്പെടുത്തും. ജമ്മു കശ്മീരിലെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ദുരിതങ്ങള്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി.പതിറ്റാണ്ടുകള്‍ക്ക് ശേഷം, ജമ്മു കശ്മീരില്‍ തീവ്രവാദത്തെയും അതിര്‍ത്തി കടന്നുള്ള വെടിവെപ്പിന്റെ ഭീഷണിയെയും ഭയപ്പെടാതെ തെരഞ്ഞെടുപ്പ് നടക്കുന്നു”, മോദി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കേവലം എംപിമാരെ തെരഞ്ഞെടുക്കാനുള്ളതല്ല, രാജ്യത്ത് ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. സര്‍ക്കാര്‍ ശക്തമാകുമ്പോള്‍ വെല്ലുവിളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ഡല്‍ഹി മന്ത്രി അതിഷി. കെജ്രിവാളിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്യില്ല. അവര്‍ എല്ലാം കാണുന്നുണ്ട്. അവര്‍ക്കു വേണ്ടതെല്ലാം എഎപി നല്‍കുന്നുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ഒരു സംസ്ഥാനത്തിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാരിനെ ആട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും അതിഷി പറഞ്ഞു.