5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Railway Guard: ട്രെയിനിലെ സുരക്ഷിതത്വം; ലേഡീസ് കോച്ചുകളിൽ വനിതാ പോലീസിനെ നിയോഗിക്കും

Women Police To Guard Ladies Coaches: ട്രെയിനിലെ ലേഡീസ് കോച്ചുകളിൽ കയറുന്ന പുരുഷന്മാരെ പുറത്താക്കുന്നതിന് ആർപിഎഫുമായി യോജിച്ച് പ്രവർത്തിക്കാനാണ് റെയിൽവേ പോലീസിൻ്റെ തീരുമാനം. ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് തടയാൻ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും വനിതാ പോലീസിനെ നിയോഗിക്കും. കൂടാതെ ട്രെയിനുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തുമെന്നും റെയിൽവേ പോലീസ് ഐജി എ ജി ബാബു പറഞ്ഞു.

Railway Guard: ട്രെയിനിലെ സുരക്ഷിതത്വം; ലേഡീസ് കോച്ചുകളിൽ വനിതാ പോലീസിനെ നിയോഗിക്കും
Representational ImageImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 11 Feb 2025 07:04 AM

ചെന്നൈ: ട്രെയിനുകളിൽ സ്ത്രീകൾക്ക് എതിരായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ദക്ഷിണ റെയിൽവേയുടെ ഇടപെടൽ. ഇനി മുതൽ ലേഡീസ് കോച്ചുകളിൽ വനിതാ റെയിൽവേ പോലീസിനെ നിയോഗിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയ്നിൽ നിന്ന് ഗർഭിണിയെ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ട്രെയിനിലെ ലേഡീസ് കോച്ചുകളിൽ കയറുന്ന പുരുഷന്മാരെ പുറത്താക്കുന്നതിന് ആർപിഎഫുമായി യോജിച്ച് പ്രവർത്തിക്കാനാണ് റെയിൽവേ പോലീസിൻ്റെ തീരുമാനം. ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് തടയാൻ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും വനിതാ പോലീസിനെ നിയോഗിക്കും. കൂടാതെ ട്രെയിനുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തുമെന്നും റെയിൽവേ പോലീസ് ഐജി എ ജി ബാബു പറഞ്ഞു.

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സംശയാസ്പദമായ നിലയിൽ സഞ്ചരിച്ച 275 പേരെ റെയിൽവേ പോലീസ് ചോദ്യം ചെയ്തു. ഇതിൽ 12 പേർക്കെതിരേയാണ് കേസെടുത്തത്. ലേഡീസ് കോച്ചുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് 139 എന്ന നമ്പറിൽ വിളിച്ച് അവരുടെ പരാതികൾ അറിയിക്കാം. അതിലൂടെ അവർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും ഐജി പറഞ്ഞു.

സംശയാസ്പദമായ വ്യക്തികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി ശൃംഖലകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ എം. സെന്തമിൽ സെൽവൻ പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ചെറിയ സ്റ്റേഷനുകളിൽ 2025 ഏപ്രിലോടെ പൂർണ്ണമായും ക്യാമറ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്‌പ്രസിലെ ലേഡീസ് കോച്ചിൽ നിന്ന് ഗർഭിണിയെ പീഡിപ്പിച്ച് ശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. കാട്പാഡി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗർഭസ്ഥ ശിശു മരിച്ചിരുന്നു. സംഭവത്തിൽ വെല്ലൂരിന് സമീപം താമസിക്കുന്ന ഹേമരാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായി, ഒറ്റയ്ക്കോ പ്രായപൂർത്തിയാകാത്തവരുമായോ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ ‘മേരി സഹേലി’ എന്നൊരു സംരംഭം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടന്ന ദിവസം കോയമ്പത്തൂർ-തിരുപ്പതി ഇന്റർ-സിറ്റി എക്സ്പ്രസിലെ വനിതാ കോച്ചിൽ ‘മേരി സഹേലി’യിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.