Sonia Gandhi: ‘രാഷ്ട്രപതി പാവം, തളർന്നു’; സോണിയ ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍; വിമർശനവുമായി മോദിയും രാഷ്ട്രപതി ഭവനും
Sonia Gandhi Controversial Remarks: രാഷ്ട്രപതിയോട് ബഹുമാനം മാത്രമേ ഉള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്നുമായിരുന്നു വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടുള്ള കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമർശം വൻ വിവാദത്തിൽ. വിഷയത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതിഭവൻ. കോൺഗ്രസ് നേതാവിൽ നിന്നുണ്ടായത് രാഷ്‌ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളെന്ന് രാഷ്‌ട്രപതിഭവൻ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു. കോൺഗ്രസിലെ രാജകുടുംബം രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. രാഷ്ട്രപതിയോട് ബഹുമാനം മാത്രമേ ഉള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
നയപ്രഖ്യാന പ്രസംഗം വായിച്ച് രാഷ്‌ട്രപതി ക്ഷീണിച്ചിട്ടില്ലെന്നും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ കുറിച്ചും കർഷകരെ കുറിച്ചും സ്ത്രീകളെ പറ്റിയും സംസാരിക്കുമ്പോൾ ഒരിക്കലും ക്ഷീണിതയാകില്ലെന്നും രാഷ്‌ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സോണിയ ഗാന്ധിയുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും, പ്രസ്താവന നിർഭാഗ്യകരം ആണെന്നും, അതൊഴുവാക്കേണ്ടതായിരുന്നു എന്നും രാഷ്‌ട്രപതി ഭവൻ പറയുന്നു.
സോണിയ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കോൺഗ്രസ് പാർട്ടിയുടെ വരേണ്യ സ്വഭാവമാണിതെന്ന് ആരോപിച്ചു. ഈ പ്രസ്താവന പാവങ്ങളോടുള്ള നിഷേധമനോഭാവത്തിന്റെ ഭാഗമാണെന്നും, സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
ALSO READ: മിഡിൽ ക്ലാസിന് നികുതിയിളവുണ്ടായേക്കും; പ്രധാനമന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇത്
അതേസമയം വിഷയത്തിൽ സോണിയ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ബിജെപി ആണ് രാഷ്ട്രപതിയെ അപമാനിച്ചതെന്നായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാർഗെയുടെ പ്രതികരണം. ‘രാഷ്‌ട്രപതി ക്ഷീണിച്ചു. സംസാരിക്കാൻ പറ്റാത്ത നിലയിലെത്തി.
പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്. വിഷയത്തിൽ രാഷ്ട്രപതി ഭവന്‍ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ സോണിയ ഗാന്ധി വിശദീകരണം നൽകിയേക്കും. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ആക്രമണം കടുപ്പിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നതിനിടെ ആണ് സോണിയ ഗാന്ധിയുടെ വാക്കുകൾ ബിജെപി ആയുധമാക്കിയിരിക്കുന്നത്.