Dhruv Rathee: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തി; ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്
Dhruv Rathee Booked: അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരിയാണ് മഹാരാഷ്ട്ര സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചത്. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്. സംഭവത്തിൽ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
മുംബൈ: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ധ്രുവ് റാഠിക്കെതിരേ (Dhruv Rathee) പോലീസ് കേസെടുത്തു. തെറ്റായ വിവരങ്ങൾ ട്വീറ്റ് ചെയ്തെന്നാണ് പരാതി. മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ ആണ് ധ്രുവിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ (Lok Sabha Speaker MP Om Birla) ബന്ധുവാണ് ധ്രുവ് റാഠിക്കെതിരേ പരാതി നൽകിയത്. സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെയാണ് യുപിഎസ്സി പരീക്ഷയിൽ വിജയിച്ചതെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്.
അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പരാതിയുമായി ബന്ധു രംഗത്തെത്തിയത്. അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരിയാണ് മഹാരാഷ്ട്ര സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചത്.
2019-ൽ ആദ്യ പരിശ്രമത്തിൽ തന്നെ അഞ്ജലി യുപിഎസ്സി പരീക്ഷ വിജയിച്ചതായി ബന്ധുവിൻ്റെ പരാതിയിൽ പറയുന്നു. ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ളത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
ALSO READ: സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ച് കാണരുത്: പ്രതികരിച്ച് ധ്രുവ് റാഠി
ആരാണ് ധ്രുവ് റാഠി?
ട്രാവൽ വ്‌ളോഗുകൾ ചെയ്താണ് ധ്രുവ് റാഠി തൻ്റെ കരിയർ ആരംഭിച്ചത്. ട്രോവൽ കണ്ടൻ്റുകളിൽ നിന്ന് പതിയെ എക്‌സ്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിങിലേക്കും കടന്നുവന്നു. 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറിയ വർഷമാണ് റാഠി തന്റെ ആദ്യ പൊളിറ്റിക്കൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞ കാര്യങ്ങളും അധികാരം ലഭിച്ചതിന് ശേഷം ചെയ്യുന്ന കാര്യങ്ങളും കൂട്ടികലർത്തികൊണ്ടാണ് ധ്രുവ് വീഡിയോ പുറത്തിറക്കിയത്.
നിമിഷ നേരം കൊണ്ടാണ് ധ്രുവിൻ്റെ ആ വീഡിയോ ആളുകൾക്കിടയിൽ പ്രചരിച്ചത്. ഇതോടെ സംഘപരിവാർ-ബിജെപി ഹാൻഡിലുകളിൽ നിന്നുവരുന്ന വ്യാജ വാർത്തകളെ വിമർശിച്ചുകൊണ്ട് പിന്നീട് നിരവധി വീഡിയോകളാണ് ധ്രുവ് ചെയ്തത്. മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ട് റാഠിയാണ് ഇന്ത്യ മുന്നണിയെ വിജയത്തിലേക്കെത്തിച്ചതെന്നും ആളുകൾ പറഞ്ഞുതുടങ്ങി.