ഭീമൻ സർപ്പത്തിന്റെ ഫോസിൽ കണ്ടെത്തി
പാമ്പ് പൂർണവളർച്ചയെത്തിയിരുന്നതായും ഏകദേശം 11 മുതൽ 15 മീറ്റർവരെ നീളമുണ്ടായിരുന്നതായും കരുതുന്നു.
ദെഹ്റാദൂൺ: ഫോസിലുകൾ എന്നും ഗവേഷകർക്ക് ഏറെ താൽപര്യമുള്ള കാര്യമാണ്. ഫോസിലുകൾ കണ്ടെത്തുന്നതും ഏറെ ആവേശമുണ്ടാക്കുന്ന വിഷയം തന്നെ. ലോകത്തിന്റെ പലഭാഗത്തുമുള്ള പര്യവേഷണങ്ങളിൽ കണ്ണു നട്ടിരിക്കുന്ന ശാസ്ത്രകുതുകികൾക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് ഏറെ ആവേശമുണർത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ പാമ്പിന്റെ ഫോസിലാണ് പുതിയ വാർത്തകളിൽ നിറയുന്നത്. ഈ കണ്ടെത്തിയ ഫോസിൽ ലോകത്തു ജീവിച്ചവയിൽ വെച്ച് ഏറ്റവും വലിയ പാമ്പിൻറേതെന്ന് ഐ.ഐ.ടി. റൂർക്കിയിലെ ഗവേഷകർ പറയുന്നു. ഇതിന്റെ കശേരുവിന് രൂപം നൽകുന്ന 27 അസ്ഥികൾ വിശകലനം ചെയ്താണ് അവർ ഈ നിഗമനത്തിൽ എത്തിയത്. 4.7 കോടി വർഷം മുമ്പ് കച്ചിലെ ചതുപ്പു നിലങ്ങളിൽ ജീവിച്ചെന്ന് കരുതുന്ന പാമ്പിന് ‘വാസുകി ഇൻഡിക്കസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പുരാണത്തിൽ ശിവന്റെ കഴുത്തിൽ കിടന്ന പാമ്പാണ് വാസുകി. ആ പേരാണ് ഇതിനും നൽകിയിരിക്കുന്നത്.
പാമ്പ് പൂർണവളർച്ചയെത്തിയിരുന്നതായും ഏകദേശം 11 മുതൽ 15 മീറ്റർവരെ നീളമുണ്ടായിരുന്നതായും കരുതുന്നു. വംശനാശം സംഭവിച്ച ഭീമൻ പാമ്പായ ടൈറ്റനോബോവയുമായി മാത്രമേ വലുപ്പത്തിൽ ഇതിനെ താരതമ്യപ്പെടുത്താനാകൂവെന്നും ഇതുവരെ ജീവിച്ചതിൽവെച്ച് ഏറ്റവും നീളം കൂടിയ പാമ്പാണിതെന്നും ഗവേഷകർ പറഞ്ഞു.
ചതുപ്പുനിലങ്ങളിലാണ് ഇവ കഴിഞ്ഞിരുന്നതെന്നും വലുപ്പംകാരണം അനക്കോണ്ടയെപ്പോലെ പതുങ്ങിയിരുന്ന് ഇരപിടിക്കുന്ന ശീലക്കാരൻ ആയിരിക്കാമെന്നും ഗവേഷകർ പറയുന്നു. കണ്ടെത്തലുകൾ ‘സയന്റിഫിക് ജേണലി’ൽ പ്രസിദ്ധീകരിച്ചു. ലഭ്യമായ കശേരുക്കളിൽ പലതും പാമ്പ് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ്. ഏറ്റവും വലിയ കശേരുവിന് 11 സെന്റീമീറ്റർ വീതിയുണ്ടായിരുന്നു. വീതിയേറിയതും സിലിൻഡർ ആകൃതിയിലുള്ളതുമായ ശരീരമുണ്ടായിരുന്നെന്നും പഠനത്തിൽ പറയുന്നു.