Shubhanshu Shukla : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇനി ഇന്ത്യയുടെ പാദസ്പര്‍ശവും; ചരിത്രനേട്ടത്തിലേക്ക് വ്യോമസേനയിലെ ഈ ഗ്രൂപ്പ് ക്യാപ്റ്റന്‍; ആരാണ് ശുഭാന്‍ഷു ശുക്ല ?
Shubhanshu Shukla IAF officer : ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍, 1985 ഒക്ടോബര്‍ 10നാണ് ഇദ്ദേഹം ജനിച്ചത്. വ്യോമസേനയിലെ വിശിഷ്ട പൈലറ്റ് എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ആക്‌സിയം മിഷന്‍ 4 വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്നത്. 2006 ജൂണില്‍ ഐഎഎഫില്‍ ഫൈറ്റര്‍ വിങില്‍ കമ്മീഷന്‍ ചെയ്തു. വിവിധ വിമാനങ്ങള്‍ 2,000 മണിക്കൂറോളം പറത്തിയതിന്റെ പരിചയസമ്പത്തും ഇദ്ദേഹത്തിന് സ്വന്തം

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ഫ്ലോറിഡയിലെ ബഹിരാകാശ നിലയത്തിൽ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ദൗത്യം ഉടന്‍ നടക്കും. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ദൗത്യത്തില്‍ ഐഎസ്‌എസിലേക്കുള്ള ആക്സിയം മിഷൻ 4 ന്റെ പൈലറ്റായി ശുഭാൻഷു ശുക്ലയെ നിയമിച്ചു. ദൗത്യത്തിന്റെ തീയതി വ്യക്തമല്ലെങ്കിലും, ഉടനുണ്ടാകുമെന്ന് നാസ സൂചന നല്‍കി. 2025ലെ വസന്തകാലത്തിന് മുമ്പ് യാത്ര ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
രാജ്യത്തെ പ്രതിനിധീകരിക്കുന്ന ചില വസ്തുക്കള്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ശുഭാന്‍ഷു ശുക്ല പറഞ്ഞു. ഓര്‍ബിറ്റല്‍ ലബോറട്ടറിയില്‍ ചില യോഗാസനങ്ങള്‍ ചെയ്യാനും ആഗ്രഹമുണ്ട്. തന്റെ അനുഭവം രാജ്യവുമായി പങ്കിടാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍, 1985 ഒക്ടോബര്‍ 10നാണ് ജനനം. ഇന്ത്യന്‍ വ്യോമസേനയിലെ വിശിഷ്ട പൈലറ്റ് എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ആക്‌സിയം മിഷന്‍ 4 വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്നത്. 2006 ജൂണില്‍ ഐഎഎഫില്‍ ഫൈറ്റര്‍ വിങില്‍ കമ്മീഷന്‍ ചെയ്തു. വിവിധ വിമാനങ്ങള്‍ 2,000 മണിക്കൂറോളം പറത്തിയതിന്റെ പരിചയസമ്പത്തുണ്ട്.




കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഗ്രൂപ്പ് ക്യാപ്റ്റനായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ പദ്ധതിയായ ‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ നിയുക്ത ബഹിരാകാശ സഞ്ചാരി കൂടിയാണ് ഇദ്ദേഹം. നേരത്തെ റഷ്യയിലെ മോസ്കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിൽ ഇദ്ദേഹം പരിശീലനം നടത്തിയിരുന്നു.
ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കിയത് രാകേഷ് ശര്‍മയാണ്. സോവിയറ്റ് ഇന്റർകോസ്മോസ് പ്രോഗ്രാമിന്റെ ഭാഗമായി 1984-ൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 ദൗത്യത്തിലാണ് രാകേഷ് ശര്‍മ പങ്കെടുത്തത്.
ഇന്ത്യയ്ക്കും, യുഎസിനും പുറമേ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളും ആക്‌സിയം മിഷന്‍ നാലിലുണ്ട്. ശുഭാൻഷു ശുക്ലയ്ക്ക് പുറമെ യുഎസിന്റെ പെഗ്ഗി വിറ്റ്സൺ, പോളണ്ടിന്റെ സ്വാവോസ് ഉസ്നാൻസ്കി, ഹംഗേറിയയുടെ ടിബോർ കപു ഫ്ലൈറ്റ് ക്രൂവിൽ എന്നിവരും ഉൾപ്പെടും. പെഗ്ഗി വിറ്റ്‌സൺ ദൗത്യത്തിന് നേതൃത്വം നൽകും. 14 ദിവസത്തോളം ദൗത്യം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളിയായ പ്രശാന്ത് നായരെയാണ് ശുഭാൻഷു ശുക്ലയുടെ ബാക്കപ്പായി തിരഞ്ഞെടുത്തത്.