5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sexual Assault Thane: നഴ്സറി വിദ്യാർഥികൾക്ക് പീഡനം; മുംബൈയിൽ സ്കൂൾ തകർത്ത് നാട്ടുകാർ

Sexual Assault Case In Thane: പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തെങ്കിലും കേസ് ഒതുക്കാൻ സ്കൂൾ മാനേജ്മെന്റും പോലീസും ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ഇവരുടെ ആവശ്യപ്പെട്ടു.

Sexual Assault Thane: നഴ്സറി വിദ്യാർഥികൾക്ക് പീഡനം; മുംബൈയിൽ സ്കൂൾ തകർത്ത് നാട്ടുകാർ
ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിക്കുന്ന ജനകൂട്ടം. (​Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 21 Aug 2024 07:31 AM

മുംബൈ: നാലു വയസ്സുളള രണ്ടു നഴ്സറി വിദ്യാർത്ഥിനികളെ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ചതിൽ മുംബൈയിലെ താനെയിൽ വൻ പ്രതിഷേധം (Sexual Assault case in Thane). സംഭവത്തിൽ പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും സ്കൂൾ ആക്രമിച്ചു. ബദ്‍ലാപുർ ആദർശ് വിദ്യാമന്ദിറിൽ ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ റെയിൽവേ ട്രാക്കിലിറങ്ങിയതോടെ ഒമ്പത് മണിക്കൂറാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇതേതുടർന്ന് പതിനായിരക്കണക്കിനു യാത്രക്കാരാണ് വലഞ്ഞത്.

ലാത്തിച്ചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത്. ഈ മാസം 12ന് ശുചിമുറിയിൽ വച്ച് സ്കൂൾ ജീവനക്കാരനായ അക്ഷയ് ഷിൻഡെ കുട്ടികളെ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തെങ്കിലും കേസ് ഒതുക്കാൻ സ്കൂൾ മാനേജ്മെന്റും പോലീസും ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ഇവരുടെ ആവശ്യപ്പെട്ടു.

ALSO READ: നിർത്തിയിട്ട ബസിനുള്ളിൽ 16കാരിക്ക് നേരെ ക്രൂര പീഡനം: ബസ് ഡ്രൈവറടക്കം 5 പേർ അറസ്റ്റിൽ

ഈ മാസം ഒന്നിനാണ് കരാർ അടിസ്ഥാനത്തിൽ പ്രതിയെ സ്കൂളിൽ നിയമിച്ചത്. കുട്ടികളിൽ ഒരാൾക്ക് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും മാതാപിതാക്കളോട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അതിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ കാര്യം പുറത്തറിയുന്നത്. ഓഗസ്റ്റ് 16നാണ് സംഭവത്തിൽ കുട്ടികളുടെ കുടുംബം പോലീസിനെ സമീപിക്കുന്നത്.

താനെ ജില്ലയിലെ ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം 12 മെയിൽ എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിനും 30 ലോക്കൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുന്നതിനും ഇടയാക്കിയതായാണ് വിവരം. സംഭവത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ, വ്യാപാരി സംഘടനകൾ, ജ്വല്ലറി ഉടമകൾ എന്നിവരും അണിചേർന്നു. കേസെടുക്കാൻ വിസമ്മതിച്ച ബദ്‌ലാപുർ പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തതായാണ് വിവരം. കേസ് നൽകി 12 മണിക്കൂർ കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കൂടാതെ പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും അറ്റൻഡറെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ കേസ് അതിവേഗ കോടതിയിൽ നടത്തുമെന്നും പ്രഖ്യാപിച്ചു. അതേസമയം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് വലിയ വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് 11 മണിക്കൂർ പോലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നതായും പരാതി ഉയരുന്നുണ്ട്.

ആഗസ്റ്റ് 9 ന് ആർജി മെഡിക്കൽ കോളേജിലും ആശുപത്രിയിലും ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 9 ന് നടന്ന സംഭവത്തെത്തുടർന്ന് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ജോലിസ്ഥലത്ത് ക്ഷേമം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ പ്രൊഫഷണലുകൾ പ്രതിഷേധത്തിലാണ്.

ഇരയായ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി 36 മണിക്കൂർ നീണ്ട ഷിഫ്റ്റിനു ശേഷമാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ജോലിക്കിടെ തുടർച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങൾ ചൂണ്ടികാണിച്ച് സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പ്രതിഷേധ സമരത്തിലാണ്.