ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി
ഫാമിലെ സഹയായിയെ പൊലീസ് കസ്റ്റഡിയിലെടുത്തിടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ രേവണ്ണയുടെ സഹായിയായ സതീഷ് ബാബണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ മുന്‍ മന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച്ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അതിജീവിതയെ എസ്‌ഐടി രക്ഷപ്പെടുത്തി. മൈസൂരിലെ കലേനഹള്ളിയിലുള്ള രേവണ്ണയുടെ അടുത്ത അനുയായിയായ രാജഗോപാലിന്റെ ഫാം ഹൗസില്‍ നിന്നാണ് അതിജീവിതയെ രക്ഷപ്പെടുത്തിയത്. ഇവരെ ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുകയാണ്.
ഫാമിലെ സഹയായിയെ പൊലീസ് കസ്റ്റഡിയിലെടുത്തിടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ രേവണ്ണയുടെ സഹായിയായ സതീഷ് ബാബണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ലൈംഗികാരോപണം ഉണ്ടായതിന് പിന്നാലെ രാജ്യംവിട്ട ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് സാധ്യത.
ഇന്ത്യയില്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ചുമതല സിബിഐക്കാണുള്ളത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പ്രജ്വലിന്റെ കേസ് അന്വേഷിക്കുന്ന സംഘം സിബിഐയോട് ആവശ്യപ്പെടും. പ്രജ്വല്‍ നിലവില്‍ ജര്‍മനിയിലുണ്ടെന്നാണ് സൂചന. ഇയാള്‍ക്കെതിരെ വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യത്തെ നോട്ടീസില്‍ ഇരുവരും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയെന്നയിരുന്നു വനിതാ നേതാവിന്റെ പരാതി. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രേവണ്ണയുടെ ഹോളനരസിപുരയിലെ വസതിയില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെ ജെഡിഎസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിലാണ് കലാശിച്ചത്. രേവണ്ണ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.
ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായിരുന്ന എച്ച്ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. ദേവഗൗഡയുടെ മകന്‍ കൂടിയാണ് രേവണ്ണ. വീട്ടിലെ മുന്‍ജോലിക്കാരിയെയാണ് രേവണ്ണ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ മകന്‍ നല്‍കിയ പരാതിയില്‍ മൈസൂരു കെആര്‍ നഗര പൊലീസാണ് കേസെടുത്തത്.
മുന്‍ മന്ത്രി കൂടിയായ രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐടി രണ്ട് തവണ സമന്‍സ് അയച്ചിരുന്നു. രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് ആദ്യത്തെ കേസ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാണ് രേവണ്ണക്കെതിരെയുള്ള രണ്ടാമത്തെ കേസ്. അദ്ദേഹത്തിന്റെ വിശ്വസ്തന്‍ സതീഷ് ബാബണ്ണയും കേസില്‍ പ്രതിയാണ്. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് 20 വയസുള്ള ഇവരുടെ മകനാണ് പരാതി നല്‍കിയത്.
അതേസമയം, ഇരകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുല്‍ ഗാന്ധി കത്തെഴുതിയിട്ടുണ്ട്. ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.