Girl Sold for Debt: അച്ഛൻ കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു
Seven Year Old Girl Sold for Debt: മകളെ കാണാതായതോടെ കുട്ടിയുടെ അച്ഛൻ പരാതിയുമായി കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയതും കോടതി ആയിരുന്നു.
ഗാന്ധിനഗർ: അച്ഛൻ വാങ്ങിയ കടം തിരികെ നൽകാതിരുന്നതിനാൽ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ആണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അച്ഛൻ വാങ്ങിയ അറുപതിനായിരം രൂപ തിരിച്ചുകൊടുക്കാതെ വന്നതോടെ ആ പൈസ ഈടാക്കാനായി ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ 19-ാം തീയതിയാണ് സംഭവം പുറം ലോകം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മൊദസ സ്വദേശികൾ ആയ അർജുൻ നാഥ്, ശരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ല്കപതി നാഥ് എന്നിവരെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹിമന്ത് നഗർ സിറ്റി എ ഡിവിഷൻ പോലീസ് സ്റ്റേഷനിൽ ആണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, കസ്റ്റഡിയിൽ ഉള്ള പ്രതികളെ പോലീസ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതികളെന്ന് സംശയിക്കുന്ന ഇവർ മൂവരെയും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
ഏഴ് വയസുകാരിയുടെ പിതാവിന് അർജുൻ നാഥ് 60,000 രൂപ കടമായി നൽകിയിരുന്നു. ദിവസ വേതനക്കാരനായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ വലിയ പലിശയ്ക്ക് എടുത്ത ഈ പണം കൃത്യമായി തിരികെ നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതോടെ അർജുനും ഷെരീഫയും ചേർന്ന് പെൺകുട്ടിയുടെ അച്ഛനോട് പലിശ സഹിതം നാല് ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ ഇയാളെ കൊണ്ട് സാധിക്കില്ലെന്ന് മനസിലാക്കിയതോടെ ഇവർ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. തുടർന്ന്, ഇയാളെ കൊണ്ട് പല വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇയാളുടെ ഏഴ് വയസുകാരിയായ മകളെ അർജുനും സംഘവും തട്ടികൊണ്ട് പോയത്. ശേഷം, കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാൾക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റുവെന്നുമാണ് സംഭവത്തെ കുറിച്ച് പോലീസ് നൽകിയ വിശദീകരണം.
ALSO READ: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു: 11-ഓളം പേർ ഉള്ളിൽ അകപ്പെട്ടു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മകളെ കാണാതായതോടെ കുട്ടിയുടെ അച്ഛൻ പരാതിയുമായി കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയതും കോടതി തന്നെ ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി അജ്‌മീറിന് സമീപത്തെ ഒരു ഗ്രാമത്തിൽ ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞതായി പോലീസ് പറയുന്നു. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം ആക്കിയതായും പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലും ഇതിന് സമാനമായ ഞെട്ടിക്കുന്ന സംഭവം നടന്നിരുന്നു. മദ്യപിക്കാനുള്ള പണത്തിനായി തന്റെ രണ്ട് വയസുകാരിയായ മകളെ പിതാവ് 5000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വാങ്ങിച്ച ആളിന്റെ വീട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയും, കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് ഭാര്യയെ ഇയാള്‍ ഒരു മാസം മുമ്പ് വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ കാണാതായതിൽ, സംശയം തോന്നിയ പ്രതിയുടെ അച്ഛൻ ആണ് പോലീസിൽ പരാതി നൽകിയത്.