Indians freed by Iran: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാർക്ക് മോചനം
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിൽ പെട്ട മറ്റു മലയാളികൾ.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചതായി റിപ്പോർട്ട്. ഇറാനിലെ ഇന്ത്യൻ എംബസിയാണ് മോചനത്തിനെ സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പേരോ മറ്റ് വിവരങ്ങളോ ഇറാനോ ഇന്ത്യൻ എംബസിയോ പുറത്തു വിട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്.
എം.എസ്.സി. ഏരീസ് എന്ന കപ്പിലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേരോളം ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ തന്നെ നാലുപേരാണ് മലയാളികൾ. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫിനെ നേരത്തേ തന്നെ വിട്ടയച്ചതാണ്. മറ്റുളളവരെ വിട്ടയക്കുന്നതിന് ഇറാന് എതിർപ്പ് ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
എന്നാൽ കമ്പനിയുമായുള്ള കരാർ സംബന്ധമായ കാര്യങ്ങൾ പരിഗണിച്ചാവും ഇവർക്കുള്ള മോചനം എന്ന് ഇന്ത്യൻ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോൾ ഉണ്ടായ നടപടിയും. ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അതിനായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിൽ പെട്ട മറ്റു മലയാളികൾ. ഏപ്രിൽ 13-ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഒമാൻ ഉൾക്കടലിന് സമീപം ഹോർമൂസ് കടലിടുക്കിൽ വച്ചാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.
ഇസ്രയേൽ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതാണ് ഈ കപ്പൽ. കപ്പലിന്റെ നടത്തിപ്പ് ഇറ്റാലിയൻ-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് മുന്നോട്ടു കൊണ്ടുപോയിരുന്നത്.
കപ്പൽ പിടിച്ചെടുത്ത സമയത്ത് ഒരു വനിതയടക്കം 25 ജീവനക്കാര്രാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യ അടക്കമുളള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പൽ കമ്പനി വിട്ടയച്ചത്.
എന്നാൽ ബാക്കിയുളളവരുടെ മോചന കാര്യത്തിൽ അനിശ്ചത്വം തുടരുകയായിരുന്നു. അതിനാണ് ഇപ്പോൾ തീരുമാനം ആയത്.
ടെഹ്റാനിലെ ഇന്ത്യൻ സംഘവും ഇതിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇവർ ഇറാൻ സർക്കാരുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടതോടെയാണ് ടെസ മോചിപ്പിക്കപ്പെട്ടത്. നിലവിൽ ഇറാന്റെ കസ്റ്റഡിയിൽ 11 ഇന്ത്യക്കാരാണ് ഉള്ളത്.