Seema Haider: ‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? ഇപ്പോള്‍ യൂട്യൂബ് താരം, മാസം ഒരുലക്ഷം രൂപവരെ വരുമാനം
Seema Haider's Inspiring Journey: നിലവില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍ ഉള്‍പ്പെടെ 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പ്രതിമാസം ലഭിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍നിന്നുള്ള പ്രതിഫലമാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രധാന വരുമാനവും

‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? പബ്ജി ഗെയിമിലൂടെ പ്രണയത്തിലായി ഒടുവിൽ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതിയാണ് സീമ ഹൈദര്‍. രണ്ട് വർഷം മുൻപായിരുന്നു സംഭവം. വാർത്തകളും സോഷ്യൽ മീഡിയയിൽ സീമ ഹൈദറും പ്രണയവും ചർച്ചയായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ഇവരുടെ പബ്ജി പ്രണയകഥ പുറം ലോകം അറിയുന്നത്.
കാമുകനായ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ സീമ ഹൈദര്‍ ഇന്ത്യയിലേക്ക് എത്തിയത്. നേപ്പാൾ അതിർത്തി വഴിയാണ് യുവതി രാജ്യത്തേക്ക് പ്രവേശിച്ചത്. ഒപ്പം നാലുകുട്ടികളുമുണ്ടായിരുന്നു. തുടർന്ന് സച്ചിനൊപ്പം താമസിച്ച യുവതി നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്ന വിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയായിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങുകയും സച്ചിനെ നിയമപരമായി വിവാഹം കഴിച്ചു. ഇതിനിടെയിൽ പലതരത്തിലുള്ള ഭീഷണിയും സീമയെ തേടി എത്തി.
അതിർത്തി ഭേദിച്ചുള്ള സീമയുടെയും സച്ചിന്റെയും പ്രണയം ഇപ്പോഴും സന്തോഷമായി മുന്നോട്ട് പോകുകയാണ്. സീമ ഇപ്പോൾ ഒരു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇരുവർക്കും നിലവിൽ ആറ് യൂട്യൂബ് ചാനലുകളാണുള്ളത്. കുടുംബത്തിലെ പ്രധാന വരുമാനമാർഗം സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ്. ദമ്പതികളുടെ പ്രധാനചാനലിന് തന്നെ ഒരുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഫാമിലി വ്‌ളോഗ്, ഡെയ്‌ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളില്‍ പ്രധാനമായും അപ് ലോഡ് ചെയ്യുന്നത്. സീമ ഇപ്പോൾ ഗർഭിണിയാണ് അടുത്തിടെ ഗര്‍ഭകാലത്തെ വിശേഷങ്ങളും ദമ്പതിമാര്‍ തങ്ങളുടെ ചാനലിലൂടെ പങ്കുവച്ചിരുന്നു.
ആദ്യമായി തനിക്ക് യൂട്യൂബിലൂടെ 45,000 രൂപയാണ് വരുമാനം ലഭിച്ചതെന്ന് സീമ ഹൈദര്‍ വെളിപ്പെടുത്തിയിരുന്നു.നിലവില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍ അടക്കം 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പ്രതിമാസം വരുമാനം ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം ലഭിച്ചതോടെ ഭര്‍ത്താവിനോട് ജോലി വിടാനും കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സീമ ഹൈദര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.