Bishnoi Gang Threat Call: ‘സംസാരിക്കുമ്പോൾ സൂക്ഷിക്കണം, അല്ലെങ്കിൽ അടുത്തത് നീ…’; സമാജ്‌വാദി പാർട്ടി ദേശീയ വക്താവിന് ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണി സന്ദേശം
Bishnoi Gang Threat Call: സൂക്ഷിച്ച് സംസാരിക്കണമെന്നും അല്ലെങ്കിൽ അടുത്തത് നീയായിരിക്കുമെന്നും സംഭാഷണത്തിൽ പറയുന്നു. ഭീഷണിയുടെ ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമാജ് വാദി പാർട്ടി ദേശീയ വക്താവ് താരിഖ് ഖാനെതിരെ ഭീഷണി സന്ദേശം. കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഭീഷണിയുടെ ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രണ്ട് മാസമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തുന്നതുമായ കോളുകൾ തനിക്ക് വരുന്നുണ്ടായിരുന്നുവെന്ന് താരിഖ് ഖാൻ പറഞ്ഞു. ‘എന്നാൽ അത് അവഗണിച്ചു. പക്ഷേ വെള്ളിയാഴ്ച രാത്രിയും ഇത് പോലൊരു കോൾ വന്നു. എന്നാൽ അയാൾ അസഭ്യം പറയുക മാത്രമല്ല, ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു’വെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത്, ഉടൻ തന്നെ പൊലീസ് സൂപ്രണ്ടിനെയും സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനെയും വിവരം അറിയിച്ചതായി താരിഖ് ഖാൻ വ്യക്തമാക്കി.
ഒരു പക്ഷേ ഇതൊരു വ്യാജ സന്ദേശമായിരിക്കാം, പക്ഷേ വിളിച്ചയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുമ്പ് വിളിച്ച കോളുകളുടെ റെക്കോർഡിംഗുകളും പൊലീസിന് നൽകിയതായി താരിഖ് ഖാൻ കൂട്ടിച്ചേർത്തു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് ചൊവ്വാഴ്ച താരിഖ് ഖാനെ ലഖ്‌നൗവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ റെക്കോർഡിംഗിൽ താരിഖ് ഖാനെതിരെ ശക്തമായ ഭീഷണിയാണ് മുഴക്കിയതെന്ന് വ്യക്തമാണ്. സൂക്ഷിച്ച് സംസാരിക്കണമെന്നും അല്ലെങ്കിൽ അടുത്തത് നീയായിരിക്കുമെന്നും സംഭാഷണത്തിൽ പറയുന്നു. ലോറൻസ് ബിഷ്ണോയിയെക്കുറിച്ച് താരിഖ് ഖാൻ ചോദിച്ചപ്പോൾ, നീ ഉടനെ കണ്ടെത്തും, രണ്ടോ മൂന്നോ ദിവസം കാത്തിരിക്കൂ. നിനക്ക് കാണിച്ചുതരാം എന്നായിരുന്നു മറുപടി.
ബിഷ്‌ണോയ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണോ ഫോൺ വിളിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് പി പറഞ്ഞു. വിളിച്ചയാളുടെ നമ്പർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലും ബിഷ്ണോയ് ഗ്യാങ്ങായിരുന്നു.