പതിവ് ഷെഡ്യൂള്‍ അനുസരിച്ച് സല്‍മാന്‍ ഖാന്‍ കാര്യങ്ങള്‍ ചെയ്യും; പ്രതികരിച്ച് സല്‍മാന്‍ ഖാന്റെ പിതാവ്
കഴിഞ്ഞ ഞായറാഴ്ചയാണ് സല്‍മാന്‍ ഖാന്റെ വീടിനുമുന്നില്‍ വെടിവെപ്പുണ്ടായത്. മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്റെ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍മെന്റിന് മുന്നിലായിരുന്നു വെടിവെപ്പ്
മുംബൈ: വെടിവെപ്പില്‍ ഭയന്നിരിക്കില്ല സല്‍മാന്‍ ഖാനെന്ന് പിതാവ് സലിം ഖാന്‍. പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പൊലീസ് കേസ് അന്വേഷിച്ച് വരികായെണന്നും സലിം ഖാന്‍ പറഞ്ഞു.
പതിവ് ഷെഡ്യൂള്‍ അനുസരിച്ച് സല്‍മാന്‍ ഖാന്‍ കാര്യങ്ങള്‍ ചെയ്യും. പേടിക്കാനൊന്നുമില്ല. സല്‍മാന്റെ കുടുംബത്തിന് പൂര്‍ണമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സല്‍മാന്‍ ഖാന്റെ വീടിനുമുന്നില്‍ വെടിവെപ്പുണ്ടായത്. മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്റെ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍മെന്റിന് മുന്നിലായിരുന്നു വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് രംഗത്തെത്തുകയും ചെയ്തു. സല്‍മാന്‍ ഖാന്റെ വീട്ടിലായിരിക്കും ഇനി വെടിവെപ്പ് ഉണ്ടാവുകയെന്നും തങ്ങളെ നിസാരക്കാരായി കാണരുതെന്നും ഇത് അവസാന താക്കീതാണെന്നും സംഭവത്തിന് പിന്നാലെ അന്‍മോല്‍ ബിഷ്‌ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു.
രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ബിഷ്‌ണോയ് സംഘത്തിന് നയിക്കുന്നത്. ഇയാളാണ് വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദീര്‍ഘനാളുകളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്‍മാന് നേരേ വധഭീഷണി ഉയര്‍ത്തുകയാണ്. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്‍മാന്‍. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സല്‍മാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്‌റ എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഗോള്‍ഡി ബ്രാറില്‍നിന്നും സല്‍മാന്‍ ഖാന് നേരത്തെ വധഭീഷണിയുണ്ടായിരുന്നു. ഇ-മെയില്‍ മുഖേനയും നടന് ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയില്‍നിന്ന് വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.