Saffron In Pan Masala: പാൻമസാലയിൽ കുങ്കുമപൊടി; ഷാരൂഖ് ഖാനുൾപ്പെടെയുള്ള നടന്മാരെ ചോദ്യം ചെയ്യും, നടപടി പരസ്യത്തിൽ അഭിനയിച്ചതിന്
Saffron In Pan Masala Controversy: ജയ്പൂർ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജയ്പൂർ സ്വദേശിയാണ് പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

ന്യൂഡൽഹി: പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന കമ്പനിയുടെ അവകാശവാദത്തിനെതിരെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവർക്കെതിരെ ഉപഭോക്തൃ പരാതി പരിഹാര സമിതി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ജയ്പൂർ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജയ്പൂർ സ്വദേശിയാണ് പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാൻമസാലയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് പരാതിയിൽ പറയുന്നത്.
വിമൽ പാൻ മസാലയ്ക്കെതിരെയാണ് പരാതി. അവയുടെ ഓരോ തരിയിലും ‘കുങ്കുമപ്പൂവ്’ അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ്, വിമൽ ഗുട്ട്ക ബ്രാൻഡിന്റെ നിർമ്മാതാവ് ജെബി ഇൻഡസ്ട്രീസ് ചെയർമാൻ എന്നിവർ മാർച്ച് 19 ന് ഹാജരാകാനും നോട്ടീസിൽ പറയുന്നുണ്ട്.
കുങ്കുമപ്പൂവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതൽ ആളുകളെ കൊണ്ട് പാൻ മസാല വാങ്ങിപ്പിക്കുന്നതിനാണ് കമ്പനി ഇത്തരം പരസ്യം നിർമ്മിക്കുന്നതെന്നും ഇതിലൂടെ ലാഭം മാത്രമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പരാതിക്കാരൻ പറഞ്ഞു. ഈ പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവുണ്ടെ തരത്തിൽ അഭിനേതാക്കൾ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.