Vladimir Putin: ഇന്ത്യ സന്ദർശിക്കാൻ പുടിൻ; ഒരുക്കങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി
Vladimir Putin In India: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യയെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിൽ നിന്നും പുടിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യാ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു.
കഴിഞ്ഞ വർഷം മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കാണ് തന്റെ ആദ്യ വിദേശ സന്ദർശനം നടത്തിയതെന്ന് ലാവ്‌റോവ് പറഞ്ഞു. ഇനി തങ്ങളുടെ ഊഴമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ (RIAC) സംഘടിപ്പിച്ച സമ്മേളനത്തിനിടെ ആണ് റഷ്യൻ വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ കൃത്യമായ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് എതിര്; പ്രമേയം പാസാക്കി തമിഴ്‌നാട്
2024 ലെ സന്ദർശനത്തിലായിരുന്നു മോദി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. യുക്രെയ്ൻ യുദ്ധം, ഡോണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള സാഹചര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുമെന്നാണ് സൂചന. 2024ൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയെ സന്ദർശിച്ച ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർന്ന് ബ്രിക്സ ഉച്ചകോടിക്കായി റഷ്യയും സന്ദർശിച്ചിരുന്നു.
22-ാമത് റഷ്യ-ഇന്ത്യ ഉച്ചകോടിക്കായി മോസ്കോ സന്ദർശിച്ച വേളയിൽ, പ്രധാനമന്ത്രി മോദിയും പുടിനും തമ്മിലുള്ള സൗഹൃദം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് പ്രധാനമന്ത്രി മോദി പുടിനോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യയെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിൽ നിന്നും പുടിനെ പരസ്യമായി വിമർശിക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.