Russia-Ukraine Conflict: റഷ്യ-യുക്രൈൻ യുദ്ധം; പണപ്പെരുപ്പവും തൊഴിൽ ദൗർലഭ്യവും ഇന്ത്യയെ വേട്ടയാടുന്നു; പക്ഷേ തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ
Indian Economy System: റഷ്യ യുക്രൈൻ യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തരത്തിലുള്ള തടസ്സമാണ് ഉണ്ടാക്കിയത്.
ലോകം മുഴുവൻ റഷ്യ -യുക്രൈൻ യുദ്ധം തീർത്ത ആഘാതം വളരെ വലുതാണ്. ആഗോളതലത്തിലെ സാമ്പത്തികരംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. എല്ലാ രംഗത്തും യുദ്ധം കാര്യമായി തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ മേഖലയെ. എന്നാൽ ഇത്തരത്തിലുള്ള ആഗോളസ്ഥിതിയെ ആരും മനസ്സിലാക്കാതെ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതാണ് കാണുന്നത്.
റഷ്യ യുക്രൈൻ യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തരത്തിലുള്ള തടസ്സമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇതുകൂടാതെ ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് കാര്യമായി തന്നെയാണ് ബാധിച്ചത്. എന്നാൽ പ്രതിസന്ധിയിലും തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുറുകെ പിടിക്കാൻ രാജ്യത്തിനു കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. കാര്യക്ഷമമായ രീതിയിൽ പണപ്പെരുപ്പത്തിനെ നിയന്ത്രിക്കാൻ രാജ്യത്തിനു സാധിച്ചു. ഇതിനു പുറമെ മികച്ച നയതന്ത്ര ബന്ധങ്ങളിലൂടെയും സാമ്പത്തിക നയങ്ങളിലൂടെയും എണ്ണവില നിയന്ത്രിച്ച് മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിനു സാധിച്ചു.
റഷ്യ-യുക്രൈൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതെങ്ങനെ
2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിക്കുന്നത്. ഇത് പിന്നീട് ആഗോള വ്യാപാരത്തിൽ പ്രത്യേകിച്ച് എണ്ണ, വാതകം, ഗോതമ്പ്, എന്നിവയുടെ വിലയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. എന്നാൽ യുദ്ധം ആരംഭിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. ഇതോടെ ആഗോള എണ്ണ വിതരണത്തിൽ റഷ്യയും കടുംപിടുത്തം നടത്തി. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ മറ്റ് വഴി കണ്ടെത്തി. അസംസ്‌കൃത എണ്ണയുടെ 80% ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഗുരുതര സാമ്പത്തിക ഭീഷണിയാണ് ഇതോടെ നേരിട്ടത്.
എന്നാൽ എല്ലാ വെല്ലുവിളികളെയും നേരിടാൻ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് യാഥാർത്ഥ്യം. ആഗോളതലത്തിൽ തന്നെ എണ്ണ വില കുതിച്ചപ്പോൾ മറ്റ് രാജ്യങ്ങളിലും ഇത് പ്രതിഫലിച്ചു. എന്നാൽ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളേക്കാൾ ചെറിയ വിലയ്ക്ക് റഷ്യ എണ്ണ നൽകി. ഇതിലൂടെ മികച്ച നയതന്ത്ര നീക്കങ്ങളിലൂടെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താനും രാജ്യത്തിനു സാധിച്ചു. ഇത് കൂടാതെ മറ്റ് രാജ്യങ്ങളിൽ എണ്ണ വില കുതിക്കുമ്പോൾ ഇന്ത്യ എണ്ണവിലയിൽ സ്ഥിരത കൈവരിക്കാൻ സാധിച്ചു.
പ്രതിസന്ധിയിലും ഇന്ത്യ എണ്ണ വില നിയന്ത്രിച്ചത് എങ്ങനെ
ആഗോള എണ്ണവില ഉയരാൻ യുദ്ധം കാരണമായി. ഈ സമയത്ത് എണ്ണ വില ബാരലിന് 70 -120 ഡോളറിനിടയിലായിരുന്നു. ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഗതാഗതം, ഉത്പാദനം കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും ഇത് പ്രതിസന്ധിക്ക് കാരണമായേനെ. എന്നാൽ രാജ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തന്ത്രപരമായ നീക്കം ഇത് തടയാൻ കാരണമായി. ഇതിനു പുറമെ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി. ഇത് എണ്ണ വിതരണം നിലനിർത്താനും ആഭ്യന്തര വിലക്കയറ്റം ഒരു പരിധി വരെ നിലനിർത്താനും രാജ്യത്തെ സഹായിച്ചു.
ഇന്ധന സബ്സിഡികളിലൂടെ ഉപഭോക്താക്കൾക്ക് സഹായം നൽകാനും കേന്ദ്ര സർക്കാരിനു സാധിച്ചു. മറ്റ് ക്ഷേമ പദ്ധതികളിൽ നിന്നും വകമാറ്റിയാണ് ഇത്തരത്തിൽ കൂടുതൽ സബ്സിഡികൾ നൽകിയത്. ഇതോടെ പണപ്പെരുപ്പം തടയാനും നിരവധി കുടുംബങ്ങളെ ഇന്ധനച്ചെലവിൽ നിന്ന് സംരക്ഷിക്കാനും ഇതിലൂടെ സാധിച്ചു. ഇന്നും പണപ്പെരുപ്പം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന തലത്തിലേക്ക് സ്ഥിതി രൂക്ഷമാകാതിരിക്കാൻ ഇതിനു സാധിച്ചു.