Visa Free Travel: യാത്ര ഇനി സിമ്പിൾ! ഈ രാജ്യത്തേക്ക് ഇനി വിസയില്ലാതെ പറക്കാം, റിപ്പോർട്ട്
Visa Free Travel For Indian Citizens: ഇന്തോനേഷ്യ, മാലിദ്വീപ്, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ തുടങ്ങിയ 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്രചെയ്യാം.
ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടംപിടിച്ച രാജ്യമാണ് റഷ്യ. ഇന്ത്യക്കാർക്ക് പുതുവത്സര സമ്മാനം നൽകാനുള്ള ഒരുക്കത്തിലാണ് റഷ്യ. രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം 2025-ൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വിസ ഫ്രീ ട്രാവൽ ഉറപ്പുവരുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിസ നിയന്ത്രണങ്ങൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുണ്ട്.
2023 ഓഗസ്റ്റ് മുതൽ ഇന്ത്യക്കാർക്ക് റഷ്യൻ ഇ-വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഏകദേശം നാല് ദിവസത്തിനുള്ളിൽ ഭാരതീയർക്ക് റഷ്യൻ ഇ വിസ ലഭിക്കും. ഈ വർഷം റഷ്യ ഏറ്റവും കൂടുതൽ ഇ വിസ അനുവദിച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. ഈ വർഷം ഇന്ത്യക്കാർക്കായി റഷ്യ 9,500 ഇ-വിസകൾ അനുവദിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇന്ത്യക്കാർക്ക് റഷ്യൻ സന്ദർശനത്തിനോ താമസത്തിനോ റഷ്യൻ എംബസിയോ കോൺസുലേറ്റോ അനുവദിച്ച വിസ ആവശ്യമാണ്. ഈ വിസ നടപടികൾ പൂർത്തിക്കാൻ മാസങ്ങൾ വരെ എടുക്കാറുണ്ട്. ബിസിനസ്, ഔദ്യോഗിക യാത്രകൾക്കായാണ് ഇന്ത്യക്കാർ റഷ്യ സന്ദർശിക്കുന്നത്. 2023-ൽ 60,000 ഇന്ത്യക്കാർ റഷ്യ സന്ദർശിച്ചെന്നും 2022 നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള സഞ്ചാരികൾക്ക് നിലവിൽ റഷ്യ വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. വിസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ഈ രാജ്യക്കാർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യക്കാർക്കും വിസ ഫ്രീ ട്രാവൽ അനുവദിക്കുന്നതോടെ രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചാൽ യാത്ര കുറച്ചുകൂടി വേഗത്തിൽ സാധ്യമാകുമെന്ന ഗുണവുമുണ്ട്.
2024-ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യ 82-ാം സ്ഥാനത്താണ്. ഇന്തോനേഷ്യ, മാലിദ്വീപ്, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ തുടങ്ങിയ 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്രചെയ്യാം.
റഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച അഞ്ച് സ്ഥലങ്ങൾ
ചരിത്രവും ഭൂപ്രകൃതികളും നഗരങ്ങളും നിറഞ്ഞ രാജ്യമാണ് റഷ്യ. രാജ്യത്തേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലേക്ക് പല ഓപ്ഷനുകളും കടന്നുവന്നേക്കാം. എങ്കിലും റഷ്യൻ സന്ദർശന വേളയിൽ തീർച്ചയായും കാണേണ്ട അഞ്ച് സ്ഥലങ്ങളുണ്ട്.
1.മോസ്കോ
റഷ്യ സന്ദർശിക്കുമ്പോൾ കാണേണ്ട അഞ്ച് സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യ തലസ്ഥാനമായ മോസ്കോയാണ്. റെഡ് സ്ക്വയർ, ക്രെംലിൻ, ട്രെത്യാക്കോവ് ഗാലറി പോലുള്ള ലോകപ്രശസ്ത മ്യൂസിയങ്ങൾ മോസ്കോയിലാണ് സ്ഥിത ചെയ്യുന്നത്.
2.സെൻ്റ് പീറ്റേഴ്സ്ബർഗ്
സന്ദർശകരുടെ ലിസ്റ്റിൽ ഉണ്ടാകേണ്ട മറ്റൊരു സ്ഥലം സെൻ്റ് പീറ്റേഴ്‌സ്ബർഗാണ്. കൊട്ടാരങ്ങളും തടാകങ്ങളും ഇവിടെയുണ്ട്.
3.ബൈക്കൽ തടാകം
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം എന്നറിയപ്പെടുന്ന ബൈക്കൽ തടാകം സന്ദർശിക്കാൻ സഞ്ചാരികൾ മറക്കരുത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ തടാകം ഉൾപ്പെട്ടിട്ടുണ്ട്.
4.ഗോൾഡൻ റിംഗ്
മോസ്കോയ്ക്ക് പുറത്തുള്ള പുരാതന നഗരങ്ങളുടെ ഒരു ശൃംഖലയാണ് ഗോൾഡൻ റിംഗ്. പരമ്പരാഗത റഷ്യൻ വാസ്തുവിദ്യയെയും സംസ്കാരത്തെയും ഇവിടെ കാണാനാവും.
5.കോക്കസസ് പർവതനിരകൾ
തെക്കൻ റഷ്യയിലേയിലെ കോക്കസസ് പർവതനിരകളാണ് സഞ്ചാരികൾ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം.
റഷ്യൻ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രാവൽ ഡെസ്റ്റിനേഷനാണ് ഇന്ത്യ. ഓരോ വർഷവും കേരളത്തിലേക്ക് എത്തുന്ന റഷ്യൻ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. റഷ്യ ഭാരതീയർക്ക് വിസ ഫ്രീ ട്രാവൽ അനുവദിക്കുന്നത് ഇന്ത്യക്കും മെച്ചമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസത്തിന് പുറമെ ഇന്ത്യ-റഷ്യ ഉഭയകക്ഷി- നയതന്ത്രബന്ധം മെച്ചപ്പെടാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.