Mohan Bhagwat: ‘ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം’; ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
Mohan Bhagwat: അലിഗഡിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തിയ ആർഎസ്എസ് മേധാവി എച്ച്ബി ഇന്റർ കോളേജിലും പഞ്ചൻ നാഗ്രി പാർക്കിലും നടന്ന പരിപാടിയിൽ സ്വയം സേവകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കൾക്ക് ഇടയിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങൾ പരിഹരിക്കാനാണ് പുതിയ ആവശ്യം. ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന തത്വം സ്വീകരിച്ച് കൊണ്ട് സാമൂഹിക ഐക്യം ഉറപ്പാക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
അലിഗഡിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തിയ ആർഎസ്എസ് മേധാവി എച്ച്ബി ഇന്റർ കോളേജിലും പഞ്ചൻ നാഗ്രി പാർക്കിലും നടന്ന പരിപാടിയിൽ സ്വയം സേവകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യഥാർത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയോട് പൂണൂൽ അഴിക്കാൻ അധികൃതർ; കർണാടകയിൽ പ്രതിഷേധം
ഹിന്ദു സമൂഹത്തിന്റെ അടിത്തറ എന്ന നിലയിൽ സംസ്കാരത്തിന്റെ പ്രാധാന്യത്തെ മോഹൻ ഭാഗവത് എടുത്തു കാണിച്ചതായി ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. പാരമ്പര്യം, സാംസ്കാരിക മൂല്യങ്ങൾ, ധാർമ്മിക തത്വങ്ങൾ എന്നിവയിൽ അടിസ്ഥാനമായ സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും താഴെത്തട്ടിൽ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി അവരെ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണെന്നും ശക്തമായ കുടുംബമൂല്യങ്ങൾ സംസ്കാരത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും മോഹൻ ഭാഗവത് പറഞ്ഞു.