RG Kar Rape Murder Case: ആര്‍ജി കര്‍ ബലാത്സംഗക്കൊല കേസ്; വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി യുവതിയുടെ കുടുംബം
RG Kar Rape Murder Case Updates: സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സിബിഐയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പോലീസാണ് അന്വേഷണം തുടര്‍ന്നിരുന്നത് എങ്കില്‍ പ്രതിക്ക് വധശിക്ഷ തന്നെ വാങ്ങി നല്‍കുമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നുണ്ട്.
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങി കുടുംബം. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കാത്തതിനെതിരെയാണ് കുടുംബം അപ്പീല്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കു.
സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സിബിഐയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പോലീസാണ് അന്വേഷണം തുടര്‍ന്നിരുന്നത് എങ്കില്‍ പ്രതിക്ക് വധശിക്ഷ തന്നെ വാങ്ങി നല്‍കുമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നുണ്ട്.
അതേസമയം, തെളിവുകള്‍ നശിപ്പിച്ചതില്‍ മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സിപിഐയും സിപിഎമ്മും വിധിയില്‍ പ്രതികരിച്ചു. കോടതി വിധി നിരാശാജനകമാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞത്. അപൂര്‍വത്തില്‍ അപൂര്‍വം എന്നതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ലെന്നും സിബിഐയുടെ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരമല്ല, നീതിയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ഇത്തരത്തിലുള്ളവര്‍ ജീവിച്ചിരിക്കാന്‍ പാടില്ലെന്നും യുവതിയുടെ അമ്മ കോടതിയില്‍ പറഞ്ഞു.
പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്നാണ് കോടതി പറഞ്ഞത്. പ്രതിക്ക് ജീവപര്യന്തവും പിഴശിക്ഷയുമാണ് കോടതി വിധിച്ചത്. സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പറഞ്ഞത്. പ്രതി ജീവിതാന്ത്യം വരെ ജയിലില്‍ കഴിയണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ട്രെയിനി വനിതാ ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന ഡോക്ടറെ ലൈംഗികമായി ആക്രമിച്ചതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.