RG Kar Murder Case: സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകൾ, കൊന്നത് ശ്വാസം മുട്ടിച്ച്; 50 പേര്‍ സാക്ഷികള്‍; രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സംഗ കൊലപാതകം
RG Kar Murder Case Verdict: കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് ചൂണ്ടികാട്ടിയാണ് കേടതിയുടെ വിധി. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് കോടതി പറഞ്ഞു. വിധിക്ക് മുൻപ് പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ യുവ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം വിധിച്ചു. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് ചൂണ്ടികാട്ടിയാണ് കേടതിയുടെ വിധി. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് കോടതി പറഞ്ഞു. വിധിക്ക് മുൻപ് പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.
എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതിയായ സഞ്ജയ് റോയ് ആവർത്തിക്കുന്നത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നും അതിനുള്ള അവസരം നൽകണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. പ്രതിയുടെ മാനസിക നിലയടക്കം പരിശോധിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചു. അതിക്രൂരവും രാജ്യത്തെ നടുക്കിയതുമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നുള്ള സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജീവപര്യന്തം തടവോ പരമാവധി വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് സഞ്ജയ് റോയ്ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതക കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
Also Read: അതിധാരുണ കൊലയ്ക്ക് നീതി…; സജ്ഞയ് റോയ്ക്ക് ജീവപര്യന്തം
കേസിന്റെ നാൾവഴികൾ ഇങ്ങനെ
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒൻപതാം തീയതിയാണ് ജൂനിയർ വനിത ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം തന്നെ ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ ആ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും തെളിഞ്ഞിരുന്നു. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും വനിത ഡോക്ടറുടെ മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കേസിൽ പ്രതിയുടെ വസ്ത്രത്തിൽ നിന്നും ചെരുപ്പിൽ നിന്നും ഡോക്ടറുടെ രക്തസാമ്പിളുകൾ കണ്ടെത്തിയതും കേസിനു നിർണായക തെളിവുകളായി. ഡിഎൻഎ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഡോക്ടർ ക്രൂരമായി പീഡനത്തിനും ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഡോക്ടർമാർ അടക്കം പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തി. സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജിയോട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ശ്വാസം മുട്ടിച്ചാണ് ഇയാൾ ഡോക്ടറെ കൊലപ്പെടുത്തിയത്. ഇതിനു മുൻപ് ഇയാൾ ബലാത്സംഗ ചെയ്തതായുമാണ് റിപ്പോർട്ട്. ഡോക്‌ടറുടെ ശരീരത്തിൽ 14 മുറിവുകളാണ് ഉണ്ടായിരുന്നത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് മുറിവുകൾ കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീര ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറി, തുടർന്ന് 2024 നവംബർ നാലിന് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികൾ ക്യാമറയിലും പകർത്തിയിരുന്നു. ജനുവരി ഒൻപതിനാണ് വിചാരണ പൂർത്തിയായത്. ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്.