RG Kar Verdict : പണമല്ല, നീതിയാണ് വേണ്ടത് ! വിധി കേട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍; ആര്‍ജി കര്‍ കേസില്‍ കോടതിയില്‍ സംഭവിച്ചത്
RG Kar case victim's parents response : പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും, ഇത്തരത്തിലുള്ളവര്‍ ജീവിച്ചിരിക്കാന്‍ പാടില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ. വിധി വന്നതിന് പിന്നാലെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് കോടതി. താന്‍ നിരപരാധിയാണെന്ന് സഞ്ജയ് റോയി
കൊല്‍ക്കത്ത: ആര്‍ജി കര്‍ കേസിലെ വിധി കേട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍ ജീവപര്യന്തവും പിഴശിക്ഷയുമാണ് കോടതി വിധിച്ചത്. സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പുറപ്പെടുവിച്ചത്. പ്രതി ജീവിതാന്ത്യം വരെ ജയിലില്‍ കഴിയണമെന്നാണ് കോടതിയുടെ ഉത്തരവ്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും, ഇത്തരത്തിലുള്ളവര്‍ ജീവിച്ചിരിക്കാന്‍ പാടില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വിധി വന്നതിന് പിന്നാലെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. താന്‍ നിരപരാധിയാണെന്നായിരുന്നു സഞ്ജയ് റോയിയുടെ വാദം. എന്നാല്‍ സഞ്ജയ് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു.
2024 ഓഗസ്റ്റ് ഒമ്പതിനാണ് ട്രെയിനി വനിതാ ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം രാജ്യത്തെ ഏറെ നടുക്കി. രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന ഡോക്ടറെ ലൈംഗികമായി അതിക്രമിച്ചതിന് ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവദിവസം രാത്രി 11 മണിയോടെ പ്രതി ആശുപത്രി പരിസരത്തുണ്ടായിരുന്നുവെന്ന് ആദ്യം കണ്ടെത്തി. പുലര്‍ച്ചെ നാലു മണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിച്ചു. ഏതാണ്ട് 40 മിനിറ്റിന് ശേഷം ഇയാള്‍ പുറത്തുപോയതായും വ്യക്തമായി. സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരത മറനീക്കി പുറത്തുവന്നത്.
മൃതദേഹത്തിന് സമീപം ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഓഗസ്റ്റ് പത്തിനാണ് പ്രതി പിടിയിലായത്. സംഭവം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കേസ് സിബിഐയെ ഏല്‍പിച്ചത്. അന്വേഷണം വൈകിപ്പിച്ചതിനും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത്ത് മൊണ്ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 11ന് വിചാരണ തുടങ്ങി. 50 സാക്ഷിമൊഴികളാണ് ഉണ്ടായിരുന്നത്. ജനുവരി ഒമ്പതിനാണ് വിചാരണ കഴിഞ്ഞത്. പൊലീസ് സിവിക് വോളന്റിയറാണ് പ്രതി. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷ നല്‍കരുതെന്നും, പ്രതിക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതിയും നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രതിക്ക് ജീവിതാന്ത്യം വരെ ജീവപര്യന്തം വിധിച്ചത്.