Republic Day 2025 : റിപ്പബ്ലിക് ദിനാഘോഷത്തില്‍ ‘തേന്‍ ഗ്രാമ’ത്തിന്റെ ടാബ്ലോയും; ഒരായിരം പ്രതീക്ഷയില്‍ ഒരു നാട്
Republic Day celebration tableau: റിപ്പബ്ലിക് ദിന പരിപാടിയില്‍ ഈ ആശയം ഉള്‍പ്പെടുത്തിയതില്‍ മംഘര്‍ ഗ്രാമവാസികള്‍ക്ക് സന്തോഷമുണ്ട്. ഇതുവഴി തേന്‍ഗ്രാമം അന്താരാഷ്ട്ര അംഗീകാരം നേടുമെന്നാണ് ഗ്രാമവാസികളുടെ പ്രതീക്ഷ. തേന്‍ ഗ്രാമം യാഥാര്‍ത്ഥ്യമായതിന് ശേഷം എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമായി മംഘര്‍ മാറി
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മഹാരാഷ്ട്രയുടെ ‘തേന്‍ഗ്രാമ’ത്തിന്റെ ടാബ്ലോയും പ്രദര്‍ശിപ്പിക്കും. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഭാരത് പര്‍വ് പരിപാടിയിലായിരിക്കും ‘മാധച്ചേ ഗാവ്’ (തേന്‍ ഗ്രാമം) പദ്ധതി ഉള്‍ക്കൊള്ളുന്ന ടാബ്ലോ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഈ ടാബ്ലോ ഉള്‍പ്പെടുത്താനായിരുന്നു നീക്കമെങ്കിലും, കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഭാരത് ഗര്‍വ് പരിപാടിയിലായിരിക്കും ഇത് പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഈ ടാബ്ലോയ്ക്ക് ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്.
2022ലാണ് മഹാരാഷ്ട്രയിലെ ആദ്യ തേന്‍ ഗ്രാമം സത്താറയിലെ മഹാബലേശ്വറിന് സമീപമുള്ള മംഘറില്‍ നിലവില്‍ വന്നത്. മഹാരാഷ്ട്ര ഖാദി ആന്‍ഡ് വില്ലേഡ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴിലുള്ള തേനീച്ച വളര്‍ത്തല്‍ വ്യവസായ ഡയറക്ടേറേറ്റാണ് ഈ ആശയം നടപ്പിലാക്കിയത്.
തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലയില്‍ അധിക വരുമാന സ്രോതസ് ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും ഇത് നടപ്പാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. പിന്നീട് കോലാപ്പൂര്‍ ജില്ലയിലും പദ്ധതി നടപ്പിലായി. ഓരോ ജില്ലയിലും ഒരു തേന്‍ ഗ്രാമം എന്ന ആശയം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് മഹാരാഷ്ട്രയിലെ തേനീച്ച വളര്‍ത്തല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മഹാബലേശ്വര്‍ മാറി. മംഘര്‍ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഏകദേശം 1.25 ലക്ഷം കിലോഗ്രാം തേനാണ് മഹാരാഷ്ട്രയില്‍ ഉത്പാദിപ്പിക്കുന്നത്. അതില്‍ തന്നെ ഏകദേശം 35,000 കിലോഗ്രാം തേന്‍ മഹാബലേശ്വറിലും പരിസരപ്രദേശങ്ങളിലുമാണ് നിര്‍മ്മിക്കുന്നത്.
അതേസമയം, തേന്‍ഗ്രാമം പദ്ധതി നാടിന് നിരവധി ബഹുമതികള്‍ നേടിക്കൊടുത്തെങ്കിലും, റിപ്പബ്ലിക് ദിന പരിപാടിയില്‍ തങ്ങള്‍ അവഗണിക്കപ്പെട്ടതായി മംഘര്‍ ഗ്രാമവാസികള്‍ കരുതുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിന് തങ്ങളുടെ ആശയം തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അധികാരികളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ ഈ ആശയം ഉള്‍പ്പെടുത്തിയതില്‍ ഗ്രാമവാസികള്‍ക്ക് സന്തോഷമുണ്ട്. ഇതുവഴി തേന്‍ഗ്രാമം അന്താരാഷ്ട്ര അംഗീകാരം നേടുമെന്നാണ് മംഘര്‍ ഗ്രാമവാസികളുടെ പ്രതീക്ഷ.
അതുകൊണ്ട് തന്നെ തേന്‍ഗ്രാമം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സജീവമായി ഇടപെട്ട മംഘര്‍ ഗ്രാമവാസികള്‍ക്ക് ഇത് അഭിമാനത്തിന്റെ കൂടി നിമിഷമാണ്. ഗ്രാമവാസികളുടെ സജീവ പങ്കാളിത്തം മൂലമാണ് ഈ പദ്ധതി സംസ്ഥാനത്തിന് അംഗീകാരങ്ങള്‍ നേടിക്കൊടുത്തതെന്ന് ഗ്രാമത്തിലെ സര്‍പഞ്ച് ഗണേഷ് ജാദവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Read Also : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു
രാജ്യതലസ്ഥാനത്തെ പ്രദര്‍ശനത്തില്‍ പങ്കാളികളാകാന്‍ തങ്ങളെ കൂടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തേനീച്ചവളര്‍ത്തല്‍ വ്യവസായ ഡയക്ടറേറ്റിനെ സമീച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ അയക്കാനാണ് ഇവരുടെ തീരുമാനം.
എന്നാല്‍ ഗ്രാമവാസികള്‍ സമീപിച്ചിരുന്നെന്നും, അവരുടെ ആഗ്രഹം മനസിലാക്കുന്നുവെന്നും, എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് പോലും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് (എംഎസ്‌കെവിഐബി) ചെയർപേഴ്‌സൺ രവീന്ദ്ര സാഥെ പറതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളെ ക്ഷണിക്കുന്നത് കേന്ദ്ര സർക്കാരിന് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ആദ്യത്തെ തേന്‍ഗ്രാമമായി മംഘര്‍ ഗ്രാമത്തെ പ്രഖ്യാപിക്കണമെന്നാണ് ഗ്രാമവാസികളുടെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമിക്കാമെന്ന് താന്‍ ഗ്രാമവാസികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേന്‍ ഗ്രാമം യാഥാര്‍ത്ഥ്യമായതിന് ശേഷം എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമായി മംഘര്‍ മാറിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.