Republic Day 2025: ചെണ്ടയും, ഇടയ്ക്കയും കൊട്ടിക്കയറും; നാദസ്വരവും ഷെഹ്‌നായിയും വിസ്മയം തീര്‍ക്കും; ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇങ്ങനെ
Republic Day Parade 2025 : രാഷ്ട്രപതി സായുധ സേന, പാരാ മിലിട്ടറി ഫോഴ്‌സ്, ഓക്സിലറി സിവിൽ ഫോഴ്‌സ്, എൻസിസി, എൻഎസ്എസ് യൂണിറ്റുകളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. 'സ്വർണിം ഭാരത് : വിരാസത് ഔർ വികാസ്' എന്നതാണ് തീം. 26 ന് രാവിലെ 10:30-ഓടെ പരേഡ് തുടങ്ങും
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്റോയാണ് ഇത്തവണത്തെ മുഖ്യാതിഥി. റിപ്പബ്ലിക് ദിന പരേഡില്‍ ഇന്തോനേഷ്യന്‍ സംഘവും അണിനിരക്കും. പരേഡിൽ ഇന്തോനേഷ്യയിൽ നിന്നുള്ള 160 അംഗ മാർച്ചിംഗ് സംഘവും 190 അംഗ ബാൻഡ് സംഘവും പങ്കെടുക്കുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള 31 ടാബ്ലോകൾ പ്രദർശിപ്പിക്കും.
ദേശീയ ഗാനത്തിന് ശേഷം ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ഔദ്യോഗിക ലോഗോയുള്ള ബലൂണുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 47 വിമാനങ്ങളുടെ ഫ്ലൈപാസ്റ്റോടെയാകും പരിപാടി അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ പരേഡ് ആരംഭിക്കും.
രാഷ്ട്രപതി ദ്രൗപദി മുര്‍മു സായുധ സേന, പാരാ മിലിട്ടറി ഫോഴ്‌സ്, ഓക്സിലറി സിവിൽ ഫോഴ്‌സ്, എൻസിസി, എൻഎസ്എസ് യൂണിറ്റുകളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. ‘സ്വർണിം ഭാരത് : വിരാസത് ഔർ വികാസ്’ എന്നതാണ് ഇത്തവണത്തെ തീം. 26 ന് രാവിലെ 10:30-ഓടെ പരേഡ് ആരംഭിക്കും.
റിപ്പബ്ലിക് ദിന പരിപാടിക്കുള്ള ക്ഷണിതാക്കള്‍ക്ക് ഡല്‍ഹിയില്‍ സൗജന്യമായി മെട്രോയില്‍ അന്ന് യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലിന് തന്നെ മെട്രോ സര്‍വീസ് ആരംഭിക്കും. ക്ഷണിതാക്കൾക്ക് പാലിക പാർക്കിംഗ്, കൊണാട്ട് പ്ലേസ്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവയുടെ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാം.
5000ത്തോളം ആര്‍ട്ടിസ്റ്റുകളുടെ പ്രകടനം
അയ്യായിരത്തോളം കലാകാരുടെ സാംസ്‌കാരിക പ്രകടനങ്ങളുണ്ടാകും. 45-ലധികം ഡാന്‍സ് ഫോമുകളിലായാകും പ്രകടനം. 29 ന് ഇന്ത്യൻ ഗാനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് ഉണ്ടായിരിക്കും.
ജനുവരി 26 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭരത് പർവ് ഉത്സവത്തില്‍ ഭക്ഷണം, കരകൗശല വസ്തുക്കള്‍, റിപ്പബ്ലിക് ദിന ടാബ്‌ലോകൾ എന്നിവയുടെ പ്രദര്‍ശനവും സാംസ്‌കാരിക പ്രകടനവും ഉണ്ടായിരിക്കും. മിലിട്ടറി ബാന്‍ഡുകളുടെ പ്രകടനവും ഉണ്ടായിരിക്കും. ജനുവരി 29 ലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെയാകും റിപ്പബ്ലിക് ദിന പരിപാടി സമാപിക്കുന്നത്.
Read Also : സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
ചെണ്ട, ഇടക്ക, പുല്ലാങ്കുഴൽ, നാദസ്വരം
പരേഡുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 കലാകാരന്മാര്‍ സംഗീതോപകരണങ്ങള്‍ വായിക്കും. ചെണ്ട, ഇടക്ക, പുല്ലാങ്കുഴൽ, നാദസ്വരം, ഷെഹ്‌നായ്, സുന്ദരി, ബീൻ, മഷക് ബീൻ, റാൻസിംഗ – രാജസ്ഥാൻ, കരാഡി മജലു, മൊഹുരി, ശംഖ, തുതാരി, ധോൾ, ഗോങ്, നിഷാൻ, ചാങ്, താഷ, സാംബൽ, ലെസിം, തവിൽ, ഗുഡും ബസ, തലാം, മോൺബ തുടങ്ങിയവയുടെ പ്രകടനങ്ങള്‍ ചേര്‍ന്നതാകും ഇത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വളണ്ടിയർമാർ, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം കേഡറ്റുകൾ, ടാബ്ലോ ആർട്ടിസ്റ്റുകൾ, ഗോത്ര അതിഥികൾ തുടങ്ങിയവരെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ 24ന് നേരിട്ട് സന്ദര്‍ശിക്കും.