ബോൺവിറ്റ ആരോഗ്യകരമായ പാനീയമല്ല; ഇ കോമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശം
ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റി ഈയിടെ പാൽ, മാൾട്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം, ഊർജ പാനീയം എന്നിങ്ങനെ ലേബൽ ചെയ്യുന്നത് വിലക്കിയിരുന്നു.
ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ ഉൾപ്പടെയുള്ള എല്ലാ പാനീയങ്ങളെയും നീക്കം ചെയ്യാൻ ഇ കോമേഴ്‌സ് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. ഹെൽത്ത് ഡ്രിങ്കിന് കീഴിൽ വരുന്ന ഉൽപ്പന്നമല്ല ബോൺവിറ്റ എന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം. 2006ലെ ബാലാവകാശ സംരക്ഷണ കമ്മീഷൻ (സിപിസിആർ) ആക്‌ട് സെക്ഷൻ 14 പ്രകാരം രൂപീകരിച്ച ഒരു നിയമപരമായ ബോഡിയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ തീരുമാനം.
‘ഹെൽത്ത് ഡ്രിങ്ക്’ വിഭാഗത്തിന് കീഴിൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ വിൽക്കുന്ന പാൽ അടങ്ങിയ പാനീയ മിശ്രിതം, ധാന്യ അധിഷ്ഠിത പാനീയ മിശ്രിതം, മാൾട്ട് അധിഷ്ഠിത പാനീയം എന്നിവയിൽ ഗുണവാരമില്ലാത്ത പദാർത്ഥങ്ങളാണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന പദം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും അതിൽ പറയുന്നു. FSS ആക്റ്റ് 2006 പ്രകാരം ഇത് സ്റ്റാൻഡേർഡ് ചെയ്തിട്ടില്ല. കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് വാട്ടർ ബേസ്ഡ് ഫ്ലേവർഡ് ഡ്രിങ്കുകൾ പോലുള്ള ഉൽപ്പന്നങ്ങളിൽ മാത്രമേ ‘ഊർജ്ജ പാനീയങ്ങൾ’ എന്ന പദം ഉപയോഗിക്കാൻ കഴിയൂ.
ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റി ഈയിടെ പാൽ, മാൾട്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം, ഊർജ പാനീയം എന്നിങ്ങനെ ലേബൽ ചെയ്യുന്നത് വിലക്കിയിരുന്നു. ബോൺവിറ്റ കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും ഈയിടെ ഒരു യൂട്യൂബർ നടത്തിയ വെളിപ്പെടുത്തൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.