Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Release All Indians Serving In Russian Military: കഴിഞ്ഞ ദിവസം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രൈനുമായുണ്ടായ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബിനിൽ ബാബുവിന്റെ മരണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തോട് അനുശോചനം രേഖപെടുത്തുന്നതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ന്യൂഡൽഹി: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും വിട്ടയയ്ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യൻ അധികൃതരോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ഇതുമായി ബന്ധപ്പെട്ട ആവശ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
റഷ്യൻ സൈനിക യൂണിറ്റുകളിൽ പാചകക്കാർ, സഹായികൾ തുടങ്ങിയ സപ്പോർട്ട് സ്റ്റാഫുകളായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈയ്നുമായുള്ള റഷ്യയുടെ യുദ്ധത്തിൽ കുറഞ്ഞത് ഒമ്പത് ഇന്ത്യക്കാരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ വർഷം നടന്ന രണ്ട് യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ഈ വിഷയം ഉന്നയിച്ചിരുന്നു.
‘വിഷയം ഇന്ന് മോസ്‌കോയിലെ റഷ്യൻ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ശക്തമായി പറഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ വിട്ടയക്കാനുള്ള ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്,’ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രൈനുമായുണ്ടായ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബിനിൽ ബാബുവിന്റെ മരണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തോട് അനുശോചനം രേഖപെടുത്തുന്നതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ബിനിലിൻ്റെ കൂടെയുണ്ടായിരുന്ന ജെയിൻ എന്നയാൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ ഇപ്പോൾ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം നാട്ടിലേക്ക് വേഗം എത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും പരിക്കേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. മരണനിരക്ക് കൂടിയതിന് പിന്നാലെ റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാരെയും മോചിപ്പിക്കണമെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ.
ജനുവരി അഞ്ചിനാണ് ബിനിൽ ബാബു കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിൻ കാണുന്നതെന്നും തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും പരിക്കേൽക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ ഇതുവരെ മോചിപ്പിച്ചതായാണ് കണക്ക്. ഇനിയുമുള്ള 20 പൗരന്മാരെ കൂടി മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അധികൃതർ ചെയ്ത് വരികയാണെന്നും കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
തെറ്റിദ്ധരിപ്പിച്ചാണ് റിക്രൂട്ട്‌മെന്റ് ഏജന്റുമാർ പല ഇന്ത്യക്കാരെയും റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്നാണ് വിവരം. ഇത്തരത്തിൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്‌തതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കഴിഞ്ഞ വർഷം 19 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.