Rekha Gupta: എളുപ്പമല്ല, ഡൽഹി മുഖ്യമന്ത്രിക്കസേര; രേഖാ ഗുപ്തയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇങ്ങനെ
Rekha Gupta's Challenges As Delhi CM: ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി എത്തുന്ന രേഖാ ഗുപ്തയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ പലതാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാൻ രേഖാ ഗുപ്ത ബുദ്ധിമുട്ടും. എന്നാൽ, ഇവയിൽ ചിലതെങ്കിലും നടപ്പാക്കാനായാൽ ഡൽഹിയിൽ അധികാരമുറപ്പിക്കാനും ബിജെപിക്ക് സാധിക്കും.

പതിറ്റാണ്ടുകൾക്ക് ശേഷം ഡൽഹിയുടെ അധികാരത്തിലേക്ക് തിരികെയെത്തിയ ബിജെപി രേഖാ ഗുപ്തയെയാണ് മുഖ്യമന്ത്രിയായി നിയമിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയി വിജയിച്ച രേഖയെ കേന്ദ്രഭരണസിരാകേന്ദ്രത്തിൻ്റെ പതാകവാഹകയായി നിയമിച്ചതിൽ ബിജെപിയ്ക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അതിനപ്പുറം ഡൽഹി മുഖ്യമന്ത്രി എന്ന നിലയിൽ രേഖ ഗുപ്തയ്ക്ക് മുന്നിലുള്ളത് നിരവധി വെല്ലുവിളികളാണ്.
സ്ത്രീകൾക്കുള്ള വാഗ്ദാനം
ഡൽഹിയിൽ അധികാരം തിരിച്ചുപിടിയ്ക്കാൻ ബിജെപിയെ സഹായിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പാർട്ടി നടത്തിയ പ്രഖ്യാപനങ്ങൾ. സ്ത്രീകൾക്ക് 2,500 രൂപ വച്ച് നൽകുമെന്നതായിരുന്നു ഇതിലെ ഒരു പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ വാഗ്ദാനം നൽകിയത്. മാർച്ച് എട്ട് രാജ്യാന്തര വനിതാദിനത്തിന് മുൻപായിത്തന്നെ പണം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിനൊപ്പം ഗർഭിണികൾക്ക് 21,000 രൂപയുടെ സഹായവും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
യമുനാനദിയുടെ വൃത്തി
യമുനാനദി മലിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടന്നത്. വൃത്തിയാക്കാനായി ആം ആദ്മി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി ആരോപിച്ചിരുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ യമുനാനദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധമാക്കുമെന്നും പാർട്ടി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ നാല് ഘട്ടങ്ങളായി ഇത് നടത്തുമെന്നായിരുന്നു പാർട്ടിയുടെ വാഗ്ദാനം. എന്നാൽ, ഇതത്ര എളുപ്പമാവില്ലെന്ന് ബിജെപിയ്ക്ക് തന്നെ അറിയാം.




സൗജന്യങ്ങളുടെ തുടർച്ച
ആം ആദ്മി സർക്കാർ ഡൽഹിയിൽ ഇത്രയും കാലം ഭരിച്ചതിന് പിന്നിൽ സർക്കാർ നൽകിവന്നിരുന്ന ക്ഷേമപ്രവർത്തനങ്ങളാണ്. സൗജന്യ വെള്ളം, വൈദ്യുതി, ആരോഗ്യപരിപാലനം തുടങ്ങിയവയൊക്കെ ബിജെപിയ്ക്കും തുടരേണ്ടിവരും. ഇത് തുടരുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി ഉറപ്പുനൽകുകയും ചെയ്തു. ഇത് നടപ്പിലാക്കുകയെന്നത് അത്ര എളുപ്പമല്ല. മുൻപ്, ഇത്തരം ക്ഷേമപ്രവർത്തനങ്ങളിലൂടെ സർക്കാരിന് ധനനഷ്ടമുണ്ടാവുന്നുണ്ടെന്ന് ബിജെപി നിരന്തരം ആം ആദ്മി പാർട്ടിയെ വിമർശിച്ചിരുന്നു. എന്നാൽ, ഇത് തന്നെയാണ് ഇപ്പോൾ ബിജെപി സർക്കാരും ചെയ്യേണ്ടത്.
Also Read: Rekha Gupta Oath: രാജ്യതലസ്ഥാനത്തെ നയിക്കാൻ രേഖ ഗുപ്ത; സത്യപ്രതിജ്ഞ ഇന്ന് രാംലീല മൈതാനത്ത്
വായുമലിനീകരണം
ഡൽഹിയിലെ വായുമലിനീകരണം ഏറെക്കാലമായുള്ള പ്രശ്നമാണ്. ഇതിൽ ശാശ്വതമായ ഒരു പരിഹാരം കൊണ്ടുവരാൻ ആം ആദ്മി പാർട്ടി സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതും പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് കാരണമായിരുന്നു. എത്രയും വേഗത്തിൽ തന്നെ ബിജെപിയ്ക്ക് ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. എന്നാൽ, വളരെ സുസ്ഥിരമായ പ്രവർത്തനങ്ങൾ കൊണ്ടേ ഇത് സാധ്യമാവൂ. ഇത് ബിജെപിയ്ക്കും അറിയാം. അതുകൊണ്ട് തന്നെ ഇതും രേഖ ഗുപ്തയ്ക്ക് വെല്ലുവിളിയാവും.
ഇന്നാണ് ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖാ ഗുപ്ത സ്ഥാനമേൽക്കുക. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. മുഖ്യമന്ത്രിയോടൊപ്പം ആറു മന്ത്രിമാരും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും.