5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Reasi bus attack: റിയാസി ഭീകരാക്രമണം: തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു

Reasi bus attack news updates: ഭീകരനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Reasi bus attack: റിയാസി ഭീകരാക്രമണം: തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു
റിയാസിൽ തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം.
neethu-vijayan
Neethu Vijayan | Published: 12 Jun 2024 07:56 AM

ന്യൂഡൽ​ഹി: ജമ്മു കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു. കൂടാതെ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷികൾ നൽകിയ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭീകരൻ്റെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ് നേരത്തെ പറഞ്ഞിരുന്നു.

ALSO READ:  ജമ്മു കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

സംഭവത്തിൽ തീർത്ഥാടകരായ ഒമ്പത് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഡ്രൈവറടക്കം നാല് പേർ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. യുപിയിൽ നിന്ന് ശിവ്‌ഖോഡിയിലേക്ക് തീർത്ഥാടനത്തിന് പോയവരുടെ ബസിന് നേരയാണ് ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു. അതിനിടെ ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.

ഭീകരരുടെ വെടിയേറ്റ് രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഭീകരനെ വധിച്ചതായും വിവരമുണ്ട്. രണ്ടാമത്തെ ഭീകരനായി തെരച്ചിൽ പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയിലും ഏറ്റുമുട്ടൽ തുടരുന്നുണ്ട്.