Ravinder Singh Negi : മുസ്ലിമാണെങ്കിൽ കടയ്ക്ക് മുന്നിൽ പേരെഴുതണം; ഹിന്ദു ആണെങ്കിൽ കാവിക്കൊടി വെക്കണം; ബിജെപി കൗൺസിലറുടെ നടപടി വിവാദത്തിൽ
Ravinder Singh Negi BJP Councillor: ഡൽഹിയിലെ മുസ്ലിം കച്ചവടക്കാർക്കെതിരെ വിവേചനപരമായി പെരുമാറിയ ബിജെപി കൗൺസിലർ രവീന്ദർ സിംഗ് നെഗിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിഷയത്തിൽ ഡൽഹി പോലീസിനെ വിമർശിച്ച് സിപിഎം രംഗത്തുവന്നു.
ഡൽഹിയിൽ മുസ്ലിം വ്യാപാരികൾക്കെതിരെ വിവേചനവുമായി ബിജെപി കൗൺസിലർ. ബിജെപി കൗൺസിലർ രവീന്ദർ സിംഗ് നെഗിയാണ് തെരുവിൽ കച്ചവടം നടത്തുന്ന മുസ്ലിം കച്ചവടക്കാരോട് വിവേചനപരമായി പെരുമാറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിഷയത്തിൽ ഡൽഹി പോലീസ് നടപടിയെടുക്കുന്നില്ല എന്ന് സിപിഎം പ്രതികരിച്ചു.
#BJP Councillor Ravinder Singh Negi has been continuously terrorising Muslim vendors trying to earn an honest living. This is the latest video. Why has this man not been charged and arrested for spreading communal hatred @DelhiPolice ? pic.twitter.com/yNEq9RFznD
— CPI (M) (@cpimspeak) December 8, 2024
തങ്ങളുടെ ട്ടിറ്റർ ഹാൻഡിലിലൂടെയാണ് രവീന്ദർ സിംഗ് നെഗിയുടെ വിഡിയോ സിപിഎം പുറത്തുവിട്ടത്. തെരുവ് കച്ചവടക്കാർക്കിടയിലൂടെ നടക്കുന്ന ഇയാൾ ഓരോരുത്തരോടും പേര് ചോദിക്കുന്നുണ്ട്. പേര് പറയുന്നത് മുസ്ലിങ്ങളാണെങ്കിൽ ആ പേര് സ്റ്റാളിന് മുന്നിൽ എഴുതിവെക്കണമെന്ന് ഇയാൾ ആവശ്യപ്പെടുകയാണ്. ഹിന്ദു കച്ചവടക്കാർക്ക് ഒരു കാവിക്കൊടി നൽകി ഇത് സ്റ്റാളിൽ കുത്തിനിർത്തണം, എങ്കിലേ ഹിന്ദു ആണെന്ന് സാധനം വാങ്ങാൻ വരുന്നവർ അറിയൂ എന്നും ഇയാൾ പറയുന്നു. മറ്റ് സമുദായം ഭക്ഷണത്തിൽ മായം കലർത്തുമെന്ന് ഇയാൾ ഒപ്പമുള്ളവരോറ്റ് പറയുന്നത് വിഡിയോയിൽ കാണാം. കാവിക്കൊടി വച്ചാൽ ആളുകൾക്ക് മുസ്ലിം കടക്കാർ ആരാണെന്ന് മനസിലാക്കാനാവുമെന്നും ഇയാൾ പറയുന്നുണ്ട്. പേര് എഴുതിയിട്ടുണ്ടെന്ന് ഒരു മുസ്ലിം കച്ചവടക്കാരൻ പറയുമ്പോൾ എല്ലാവർക്കും കാണാവുന്ന തരത്തിൽ മുൻവശത്ത് തന്നെ എഴുതണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ രവീന്ദർ സിംഗ് നെഗിയുടെ പല വിഡിയോകൾ ആൾട്ട്ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറും പങ്കുവച്ചു. ഇത്തരത്തിലുള്ള വിഡിയോകൾ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇയാൾ പങ്കുവച്ചിട്ടുണ്ട്.
Also Read : Missing : മൂന്ന് ദിവസമായി കാണാനില്ല; 18കാരിയുടെ മൃതദേഹം സമീപത്തെ കുളത്തിൽ, അന്വേഷണം
‘മാന്യമായി കച്ചവടം ചെയ്ത് ജീവിക്കാൻ ശ്രമിക്കുന്ന മുസ്ലിം കച്ചവടക്കാരെ ബിജെപി കൗൺസിലർ രവീന്ദർ സിംഗ് നെഗി തുടർച്ചയായി ഭയപ്പെടുത്തുകയാണ്. ഇതാണ് ഏറ്റവും പുതിയ വിഡിയോ. മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഈ മനുഷ്യനെതിരെ എന്തുകൊണ്ടാണ് ഇതുവരെ ഡൽഹി പോലീസ് കേസെടുക്കാത്തത്?’ എന്ന് സിപിഎം എക്സ് ഹാൻഡിലിൽ കുറിച്ചു. ഡൽഹി പോലീസിനെ കുറിപ്പിൽ ടാഗ് ചെയ്തിട്ടുണ്ട്. ഡൽഹി 198-വിനോദ് നഗർ (ഈസ്റ്റ്) കൗൺസിലറാണ് നെഗി.
There are several videos of a Delhi BJP Member going to street vendors asking Muslims to write their name on the stall & asks Hindus to display the Saffron flag.
Yes this is happening in the National capital of India. He’s been doing this for more than two years now. Thread 🧵— Mohammed Zubair (@zoo_bear) December 8, 2024
വിഡിയോ പുറത്തുവന്നതോടെ രവീന്ദർ സിംഗ് നെഗിയ്ക്കെതിരെ വിമർശനങ്ങളുയരുകയാണ്. ഒരു മതവിഭാഗത്തിനെതിരെ ഇങ്ങനെ ചെയ്യുന്നത് രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് യോജിച്ചതല്ല എന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. മോദി കാ പരിവാർ എന്നാണ് ഇയാൾ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചിരിക്കുന്നത്. പത്പർഗഞ്ജിനെ മികച്ചതാക്കാനാണ് ശ്രമം എന്നും ഇയാൾ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചിട്ടുണ്ട്. 2020 തിരഞ്ഞെടുപ്പിൽ പത്പർഗഞ്ജിൽ നിന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ ആണ് ഇവിടെനിന്ന് വിജയിച്ചത്. സിസോദിയക്ക് ആകെ പോൾ ചെയ്ത വോട്ടുകളുടെ 49.33 ശതമാനം ലഭിച്ചപ്പോൾ നെഗിയ്ക്ക് 47.07 ശതമാനം വോട്ട് ലഭിച്ചു. നേരിയ ഭൂരിപക്ഷത്തിലാണ് നെഗി ഇവിടെ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ വീണ്ടും നെഗിയ്ക്ക് മത്സരിക്കാൻ അവസരം നൽകുമെന്നുറപ്പാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. കേവലം കൗൺസിലറായ ഇയാൾ ഇപ്പോൾ തന്നെ ഇത്ര വലിയ വിദ്വേഷം വച്ചുപുലർത്തുന്നു എങ്കിൽ എംഎൽഎ ആയാൽ എന്താവും സംഭവിക്കുക എന്നും നെറ്റിസൺസ് ചോദിക്കുന്നു. വിഷയത്തിൽ ബിജെപിയോ നെഗിയോ ഡൽഹി പോലീസോ പ്രതികരിച്ചിട്ടില്ല. നേരത്തെ ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരും മുസ്ലിം കടക്കാരോട് പേരുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.