Ranveer Allahbadia: ‘പുനർജന്മം, ഒരു അവസരം കൂടി നൽകണം’; വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി രൺവീർ അലബാദിയ
Ranveer Allahbadia: ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. പരിപാടിക്കിടെ ഒരു മത്സരാർഥിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് കാരണമായത്. മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചായിരുന്നു ചോദ്യം.

ഇന്ത്യാസ് ഗോട്ട് ലാറ്റന്റിന്റ് ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി പോഡ്കാസ്റ്ററും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ രൺവീർ അലബാദിയ. വിവാദങ്ങൾക്ക് ശേഷം ആദ്യമായി രൺവീർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്ക് വച്ചു.
തന്റെ ടീം, കുടുംബം, വളർത്തുനായ എന്നിവരുമൊത്തുള്ള ചിത്രങ്ങളാണ് അല്ലാബാദിയ പോസ്റ്റ് ചെയ്തത്. മുത്തശ്ശിക്കൊപ്പമുള്ള ഒരു സെൽഫിയും ഉണ്ടായിരുന്നു. ‘എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി. ഒരു പുതിയ അധ്യായം ആരംഭിക്കുന്നു – പുനർജന്മം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. കൂടാതെ തന്റെ പോഡ്‌കാസ്റ്റ് പുനരാരംഭിക്കുന്നതായും രൺവീർ അറിയിച്ചു. യൂട്യൂബ് ചാനലിൽ പങ്ക് വച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന് വിഡിയോയിൽ രൺവീർ അഭ്യർത്ഥിച്ചു. തന്റെ പോഡ്‌കാസ്റ്റ്, ദി രൺവീർ ഷോ (ടിആർഎസ്) ഉടൻ തിരിച്ചെത്തുമെന്നും പ്രേക്ഷകർക്ക് ഒരു ‘പുതിയ രൺവീറിനെ’ കാണാൻ കഴിയുമെന്നും രൺവീർ പറഞ്ഞു.
View this post on Instagram
‘കഴിഞ്ഞ കുറച്ച് മാസങ്ങൾ എനിക്കും എന്റെ കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നു. നിങ്ങളുടെ പോസിറ്റീവ് സന്ദേശങ്ങൾ ഈ ഘട്ടത്തെ മറികടക്കാൻ എന്നെ സഹായിച്ചു. സൈബർ ആക്രമണം, ഭീഷണികൾ, നിരവധി മാധ്യമ ലേഖനങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ നേരിട്ടു. പക്ഷേ നിങ്ങളുടെ പോസിറ്റീവ് സന്ദേശങ്ങളാണ് ഇവ മറികടക്കാൻ എന്നെ സഹായിച്ചതെന്നും രൺവീർ പറഞ്ഞു.
ബിയര്‍ബൈസപ്‌സ് എന്ന പേരിലാണ് രൺവീർ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. ഇന്‍സ്റ്റാഗ്രാമില്‍ 45 ലക്ഷം ഫോളോവേഴ്സും 1.05 കോടി യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിവാദങ്ങളെ തുടർന്ന് നിരവധി പേർ രൺവീറിനെ അൺഫോളോ ചെയ്തിരുന്നു. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. പരിപാടിക്കിടെ ഒരു മത്സരാർഥിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് കാരണമായത്. മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചായിരുന്നു ചോദ്യം. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. രാഷ്ട്രീയ നേതാക്കളടക്കം പ്രതികരിച്ചു. തുടർന്ന് രണ്‍വീര്‍ അലബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ, സമയ് റയിന, ജസ്പ്രീത് സിംഗ് എന്നിവർക്കെതിരെ കേസെടുത്തു.