Loco Pilots: ലോക്കോ പൈലറ്റുമാർക്ക് ആൽക്കഹോൾ ഇതര പാനീയങ്ങൾ ഉപയോഗിക്കാം; നിയന്ത്രണമില്ലെന്ന് കേന്ദ്രം
Loco Pilots Non-Alcoholic Beverages Consumption: തീവണ്ടി ഓടിക്കുന്നവർ ജോലിക്കെത്തും മുമ്പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകൾ, പഴങ്ങൾ, കഫ് സിറപ്പ്, കരിക്കിൻവെള്ളം എന്നിവ കഴിക്കുന്നതിൽ നിയന്ത്രണം ഉണ്ടോയെന്നും ഇക്കാര്യത്തിൽ ദക്ഷിണ റെയിൽവേ ഏതെങ്കിലും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം.

ന്യൂഡൽഹി: ലോക്കോ പൈലറ്റുമാർക്ക് ആൽക്കഹോൾ ഇതര പാനീയങ്ങൾ കഴിക്കുന്നതിൽ നിലവിൽ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്രം. റെയിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്. ഡിഎംഡികെ എംപി വൈക്കോയും ഡിഎംകെ എംപി എം ഷൺമുഖനുമാണ് ലോക്കോ പൈലറ്റുമാരെ സംബന്ധിച്ച് ചോദ്യം ചോദിച്ചത്.
തീവണ്ടി ഓടിക്കുന്നവർ ജോലിക്കെത്തും മുമ്പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകൾ, പഴങ്ങൾ, കഫ് സിറപ്പ്, കരിക്കിൻവെള്ളം എന്നിവ കഴിക്കുന്നതിൽ നിയന്ത്രണം ഉണ്ടോയെന്നും ഇക്കാര്യത്തിൽ ദക്ഷിണ റെയിൽവേ ഏതെങ്കിലും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ചൂടുകാലത്ത് അവരോട് കാണിക്കുന്ന മനുഷ്യത്വരഹിതവുമായ പ്രവർത്തിയാണിതെന്നും ഇവർ പറഞ്ഞു.
എന്നാൽ നോൺ ആൽക്കഹോളിക് പാനീയങ്ങൾ കഴിക്കുന്നതിന് ലോക്കോ പൈലറ്റുമാർക്ക് യാതൊരു നിയന്ത്രണവും റെയിൽവേ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മന്ത്രി അശ്വിനി വൈഷ്ണ ഇതിന് നൽകിയ മറുപടി. ചില വസ്തുക്കളുടെ ഉപഭോഗം തടയുന്നതിനായി ദക്ഷിണ റെയിൽവേ സ്വീകരിച്ച നടപടിയിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കരിക്കിൻവെള്ളം, ഹോമിയോ മരുന്നുകൾ, വാഴപ്പഴങ്ങൾ, സിറപ്പുകൾ, ലഘുപാനീയങ്ങൾ, മൗത്ത് വാഷ് എന്നിവ ലോക്കോ പൈലറ്റുമാർ ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയിൽവേ ഉത്തരവിറക്കിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ക്രൂ ലോബിയിലെ സിഎംഎസ്കിയോസ്‌കിൽ ജോലിക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമായി ലോക്കോ പൈലറ്റുമാർ സൈൻ ഓൺ, സൈൻ ഓഫ് എന്നിവ ചെയ്യുന്ന സമയത്ത് ബ്രെത്തലൈസർ പുറന്തള്ളുന്ന വായുവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
ഇങ്ങനെ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയവരുടെ രക്തസാമ്പിളുകൾ എടുത്ത് കെമിക്കൽ എക്‌സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കാറുണ്ട്. ഫലം വന്നപ്പോൾ മിക്ക രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ബ്രെത്തലൈസറിലുള്ള സാങ്കേതിക തകരാറാണെന്നാണ് പിന്നീടുള്ള വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് തിരുത്തിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അറിയിച്ചു.