Lok Sabha Election 2024: രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി പ്രിയങ്ക
റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. ഇന്ന് മണ്ഡലത്തില്‍ രാഹുലിന്റെ നേതൃത്വത്തില്‍ റോഡ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് വയനാടിന് പുറമെ സ്വന്തം മണ്ഡലത്തിലും മത്സരിക്കാന്‍ രാഹുല്‍ ഇറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിരുന്നുവെങ്കിലും ഇത്തവണ വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടകയില്‍ പ്രചരണത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്.
അമേഠിയും റായ്ബറേലിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഇന്നാണ്. മെയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്. അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് രാഹുലും പ്രിയങ്കയുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് വ്യക്തമാക്കിയിരുന്നു. മത്സരിക്കുന്നത് ഇരുവരുടെയും വ്യക്തിപരമായ താത്പര്യമാണ്. രണ്ടുപേരും പാര്‍ട്ടിയുടെ താരപ്രചാരകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രിയങ്കാ ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവിടെയും രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നതെന്നാണ് സൂചന.
പ്രിയങ്കാ ഗാന്ധിയെ പ്രചാരണത്തില്‍ സജീവമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഗവര്‍ണറും കേന്ദ്രമന്ത്രിയുമായിരുന്ന ഷീല കൗളിന്റെ മകന്‍ ആശിഷ് കൗളിന് അമേഠിയില്‍ ടിക്കറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം, റായ്ബറേലിയില്‍ ബിജെപിയും ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.