5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi and Narendra Modi: മോദി പ്രധാനമന്ത്രിയല്ല സർവാധിപതിയാണ്, പാർലമെന്റുമായി ഒരു ബന്ധവുമില്ല: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ഒരു ഏകാധിപതിയാണെന്നും നിക്ഷേപകരെ മറയായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Rahul Gandhi and Narendra Modi: മോദി പ്രധാനമന്ത്രിയല്ല സർവാധിപതിയാണ്, പാർലമെന്റുമായി ഒരു ബന്ധവുമില്ല: രാഹുൽ ഗാന്ധി
Rahul Gandhi
shiji-mk
Shiji M K | Published: 11 May 2024 13:57 PM

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി പ്രധാനമന്ത്രിയല്ലെന്നും രാജാവാണെന്നും രാഹുല്‍ പരിഹസിച്ചു. ലഖ്‌നൗവില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചിരുന്നുവെന്നും രാഹുല്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. അത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ പാര്‍ട്ടി അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘സമീപ വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുപാട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്,’ രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി ഒരു ഏകാധിപതിയാണെന്നും നിക്ഷേപകരെ മറയായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയല്ല, അദ്ദേഹം ഒരു സര്‍വാധിപതിയാണ്. മന്ത്രിസഭയിലോ പാര്‍ലമെന്റിലോ അദ്ദേഹത്തിന് യാതൊന്നും ചെയ്യാനില്ല. 21ാം നൂറ്റാണ്ടിന്റെ രാജാവാണ് അദ്ദേഹം. യഥാര്‍ഥത്തില്‍ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്ന നിക്ഷേപകരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 180 സീറ്റുകളിലധികം നേടില്ല. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തില്ലെന്നും രാഹുല്‍ പ്രസ്താവിച്ചു.

‘അധികാരത്തിലേക്കാണ് ഞാന്‍ പിറന്നുവീണത്, അതുകൊണ്ട് അധികാരത്തില്‍ എനിക്ക് താല്‍പര്യവുമില്ല. അധികാരമെന്നാല്‍ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണെനിക്ക്,” രാഹുല്‍ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അംബാനിക്കും അദാനിക്കും എതിരായ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി നിര്‍ത്തിയത് അവര്‍ കോണ്‍ഗ്രസിന് പണം നല്‍കിയത് കൊണ്ടാണെന്ന് മോദി നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയ ആ പ്രത്യേക ഡീല്‍ വെളിപ്പെടുത്തണമെന്നുമാണ് മോദി പറഞ്ഞത്.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ ഷെഹ്സാദ (രാഹുല്‍ ഗാന്ധി) അഞ്ച് ബിസിനസുകാര്‍ അല്ലെങ്കില്‍ അഞ്ച് വ്യവസായികള്‍ എന്നുപറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. റഫാല്‍ വിഷയം ഉണ്ടായപ്പോള്‍ മുതല്‍ ഷെഹ്സാദ അദാനിയെന്നും അംബാനിയെന്നും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അംബാനിയെ കുറിച്ചോ അദാനിയെ കുറിച്ചോ ഒന്നും തന്നെ പറയുന്നില്ല.

ഈ തെരഞ്ഞെടുപ്പില്‍ എത്രരൂപയാണ് അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും ഷെഹ്സാദ വാങ്ങിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അദാനിയും അംബാനിയും എത്ര ചാക്ക് പണമാണ് നല്‍കിയത്. നോട്ടുകെട്ടുകള്‍ നിറച്ച് ടെമ്പോ വാനുകള്‍ കോണ്‍ഗ്രസിന്റെ അടുത്ത് എത്തിയിട്ടുണ്ടോ?

ഒറ്റരാത്രി കൊണ്ട് അദാനിയെയും അംബാനിയെയും കുറിച്ച് പറയുന്നത് നിര്‍ത്താന്‍ എന്ത് കരാറാണ് കോണ്‍ഗ്രസും ഇവര്‍ രണ്ടുപേരും തമ്മില്‍ ഉണ്ടാക്കിയത്. അഞ്ച് വര്‍ഷമായി നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അദാനി-അംബാനി വിഷയം ഒറ്റരാത്രി കൊണ്ട് നിങ്ങള്‍ നിര്‍ത്തി. അതിനര്‍ത്ഥം നിങ്ങള്‍ക്ക് അവരില്‍ നിന്ന് എന്തെങ്കിലും ലഭിച്ചുവെന്നാണ്. ഈ വിഷയത്തില്‍ നിങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും,” മോദി പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. അംബാനിയും അദാനിയും ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവമാണോയെന്നും രാഹുല്‍ മോദിയോട് ചോദിച്ചു. വീഡിയോയിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രംഗത്തെത്തിയത്.

‘നമസ്‌കാരം മോദിജി, താങ്കള്‍ക്ക് എന്തുപറ്റി പേടിച്ചുപോയോ? സാധാരണ അടച്ചിട്ട മുറികളിലിരുന്നാണല്ലൊ താങ്കള്‍ അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കാറുള്ളത്. താങ്കള്‍ ഇപ്പോള്‍ ആദ്യമായിട്ടാണല്ലോ ഒരു പൊതുയിടത്തില്‍ വെച്ച് അദാനി അംബാനി എന്നൊക്കെ പറയുന്നത്. അവര്‍ ടെമ്പോയിലാണ് പണം എത്തിക്കുന്നത് എന്നൊക്കെ താങ്കള്‍ക്ക് അപ്പോള്‍ അറിയാം. സ്വന്തം അനുഭവം വെച്ചാണോ ഇക്കാര്യം വെളിപ്പെടുത്തിയത്. അങ്ങനെയാണെങ്കില്‍ സിബിഐയെയും ഇ ഡിയെയുമെല്ലാം അദാനിയുടെയും അംബാനിയുടെയും അടുത്തേക്ക് അയക്കൂ. എല്ലാ കാര്യങ്ങളും അന്വേഷിപ്പിക്കൂ. ഇതെല്ലാം പെട്ടെന്ന് തന്നെ ചെയ്യണം,” രാഹുല്‍ പറഞ്ഞു.