5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘ഇങ്ങനെ പേടിച്ചാലോ, ടെമ്പോയില്‍ പണമെത്തുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാം, സ്വന്തം അനുഭവമാണോ?’: മോദിക്കെതിരെ രാഹുല്‍

അംബാനിയും അദാനിയും ടെമ്പോ വാന്‍ നിറയെ കോണ്‍ഗ്രസിന് നോട്ടുകെട്ട് നല്‍കിയെന്നാണ് മോദി പറഞ്ഞത്

‘ഇങ്ങനെ പേടിച്ചാലോ, ടെമ്പോയില്‍ പണമെത്തുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാം, സ്വന്തം അനുഭവമാണോ?’: മോദിക്കെതിരെ രാഹുല്‍
Rahul Gandhi and Narendra Modi
shiji-mk
Shiji M K | Published: 09 May 2024 07:17 AM

ന്യൂഡല്‍ഹി: അദാനിയും അംബാനിയും കോണ്‍ഗ്രസിന് എത്ര ചാക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തണമെന്ന മോദിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അംബാനിയും അദാനിയും ടെമ്പോ വാന്‍ നിറയെ കോണ്‍ഗ്രസിന് നോട്ടുകെട്ട് നല്‍കിയെന്നാണ് മോദി പറഞ്ഞത്. അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവമാണോയെന്നും രാഹുല്‍ മോദിയോട് ചോദിച്ചു. വീഡിയോയിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രംഗത്തെത്തിയത്.

”നമസ്‌കാരം മോദിജി, താങ്കള്‍ക്ക് എന്തുപറ്റി പേടിച്ചുപോയോ? സാധാരണ അടച്ചിട്ട മുറികളിലിരുന്നാണല്ലൊ താങ്കള്‍ അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കാറുള്ളത്. ഇപ്പോള്‍ ആദ്യമായിട്ടാണല്ലോ ഒരു പൊതുയിടത്തില്‍ വെച്ച് അദാനി അംബാനി എന്നൊക്കെ പറയുന്നത്. അവര്‍ ടെമ്പോയിലാണ് പണം എത്തിക്കുന്നത്‌
എന്നൊക്കെ താങ്കള്‍ക്ക് അപ്പോള്‍ അറിയാം. സ്വന്തം അനുഭവം വെച്ചാണോ ഇക്കാര്യം വെളിപ്പെടുത്തിയത്. അങ്ങനെയാണെങ്കില്‍ സിബിഐയെയും ഇ ഡിയെയുമെല്ലാം അദാനിയുടെയും അംബാനിയുടെയും അടുത്തേക്ക് അയക്കൂ. എല്ലാ കാര്യങ്ങളും അന്വേഷിപ്പിക്കൂ. ഇതെല്ലാം പെട്ടെന്ന് തന്നെ ചെയ്യണം,” രാഹുല്‍ പറഞ്ഞു.

തെലങ്കാനയിലെ കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അംബാനിക്കും അദാനിക്കും എതിരായ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി നിര്‍ത്തിയത് അവര്‍ കോണ്‍ഗ്രസിന് പണം നല്‍കിയത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയ ആ പ്രത്യേക ഡീല്‍ വെളിപ്പെടുത്തണമെന്നുമാണ് മോദി പറഞ്ഞത്.

“കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ ഷെഹ്‌സാദ (രാഹുല്‍ ഗാന്ധി) അഞ്ച് ബിസിനസുകാര്‍ അല്ലെങ്കില്‍ അഞ്ച് വ്യവസായികള്‍ എന്നുപറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. റഫാല്‍ വിഷയം ഉണ്ടായപ്പോള്‍ മുതല്‍ ഷെഹ്‌സാദ അദാനിയെന്നും അംബാനിയെന്നും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അംബാനിയെ കുറിച്ചോ അദാനിയെ കുറിച്ചോ ഒന്നും തന്നെ ഷെഹ്‌സാദ പറയുന്നില്ല.

തെലങ്കാനയുടെ മണ്ണില്‍ നിന്ന് ഞാന്‍ ചോദിക്കുകയാണ്, ഈ തെരഞ്ഞെടുപ്പില്‍ അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും ഷെഹ്‌സാദ എത്രരൂപയാണ് വാങ്ങിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അദാനിയും അംബാനിയും എത്ര ചാക്ക് പണമാണ് നല്‍കിയത്. നോട്ടുകെട്ടുകള്‍ നിറച്ച് ടെമ്പോ വാനുകള്‍ കോണ്‍ഗ്രസിന്റെ അടുത്ത് എത്തിയിട്ടുണ്ടോ?

ഒറ്റരാത്രി കൊണ്ട് അദാനിയെയും അംബാനിയെയും കുറിച്ച് പറയുന്നത് നിര്‍ത്താന്‍ എന്ത് കരാറാണ് കോണ്‍ഗ്രസും ഇവര്‍ രണ്ടുപേരും തമ്മില്‍ ഉണ്ടാക്കിയത്. അഞ്ച് വര്‍ഷമായി നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അദാനി-അംബാനി വിഷയം ഒറ്റരാത്രി കൊണ്ട് നിര്‍ത്തി. അതിനര്‍ത്ഥം നിങ്ങള്‍ക്ക് അവരില്‍ നിന്ന് എന്തെങ്കിലും ലഭിച്ചുവെന്നാണ്. ഈ വിഷയത്തില്‍ നിങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും,” മോദി പറഞ്ഞു.

മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വ്യവസായികളുമായി ബിജെപിക്കുള്ള അവിശുദ്ധമായ ബന്ധമാണ്. വന്‍കിട കോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ പ്രധാനമന്ത്രി എഴുതി തള്ളിയത് ഇതിന്റെ തെളിവാണെന്നും പ്രിയങ്ക പറഞ്ഞു.