Rahul Gandhi files nomination from Raebareli; രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു
2004 മുതൽ പതിനഞ്ച് വർഷക്കാലം രാഹുൽ ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
അമേഠി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. നോമിനേഷൻ സമയത്ത് അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, മറ്റ് പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പത്രിക സമർപ്പിക്കാനെത്തുന്ന വിവരം അറിഞ്ഞ് കളക്‌ട്രേറ്റിനു മുന്നിൽ പാർട്ടി പ്രവർത്തകർ തടിച്ചുകൂടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വെള്ളിയാഴ്ചയാണ് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കിഷോരി ലാൽ ശർമയെ മത്സരിപ്പിക്കും. ഈ രണ്ട് മണ്ഡലങ്ങളിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് ആയിരുന്നു. അമേഠിയും റായ്ബറേലിയും കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്.
2004 മുതൽ പതിനഞ്ച് വർഷക്കാലം രാഹുൽ ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. എന്നാൽ വയനാട്ടിൽ ജയിക്കുകയും ചെയ്തു.
ഒപ്പം അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധിയാണ് റായ്ബറേലി സീറ്റിനെ പ്രതിനിധീകരിച്ചത്. റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിൻ്റെ തീരുമാനത്തെ പരിഹസിച്ച് സ്മൃതി ഇറാനി രംഗത്ത് വന്നിരുന്നു.
“ഗാന്ധി കുടുംബം അമേഠിയിൽ മത്സരത്തിന് ഇറങ്ങുന്നില്ല എന്നത് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ അവർ അമേഠിയിൽ നിന്ന് പരാജയപ്പെടുന്നതിനു തുല്യമാണ് എന്ന് അവർ പറഞ്ഞു. പ്രതീക്ഷയുടെ നേരിയ കണികയെങ്കിലും അവർ കണ്ടിരുന്നെങ്കിൽ മത്സരിക്കുമായിരുന്നു എന്നും സ്മൃതി വ്യക്തമാക്കി.