5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rahul Gandhi: ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തി; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേസെടുത്ത് പോലീസ്

Case Against Rahul Gandhi: ബിജെപിയുടേത് അക്രമ രാഷ്ട്രീയമാണ്. ഹിന്ദുമതം ഭയവും വിദ്വേഷവും തെറ്റിധാരണയും പടര്‍ത്താനുള്ളതല്ല. സ്വയം ഹിന്ദു എന്ന് അവകാശപ്പെടുന്നവര്‍ അക്രമവും വെറുപ്പുമാണ് ഉണ്ടാക്കുന്നതെന്നും രാഹുല്‍ സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ ബഹളത്തിനാണ് ലോക്‌സഭ സാക്ഷിയായത്.

Rahul Gandhi: ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തി; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേസെടുത്ത് പോലീസ്
രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ചിത്രം: PTI
Follow Us
shiji-mk
SHIJI M K | Published: 05 Jul 2024 07:43 AM

പാട്‌ന: ഹിന്ദുസമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ബീഹാര്‍ പോലീസ്. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. നിതേഷ് കുമാര്‍ ഗിരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാഹുല്‍ ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പ്രസംഗം ഒരു പ്രത്യേക സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി ദൈവങ്ങളുടെ ചിത്രം ഉയര്‍ത്തി സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നുണ്ട്. കേസ് ബീഹാറിലെ ഷിയോഹറിലെ കോടതി സ്വീകരിച്ചിട്ടുണ്ട്. ജൂലൈ 18ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഇതേവിഷയത്തില്‍ നേരത്തെ മുസാഫര്‍പൂരിലും രാഹുല്‍ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. ഹിന്ദുമതത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് മുസഫര്‍പൂര്‍ കോടതിയില്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Also Read: Hathras stampede: ഹാഥ്‌റസ് ദുരന്തം: ആറ് സംഘാടക സമിതി അംഗങ്ങൾ അറസ്റ്റിൽ

ബിജെപിയുടേത് അക്രമ രാഷ്ട്രീയമാണ്. ഹിന്ദുമതം ഭയവും വിദ്വേഷവും തെറ്റിധാരണയും പടര്‍ത്താനുള്ളതല്ല. സ്വയം ഹിന്ദു എന്ന് അവകാശപ്പെടുന്നവര്‍ അക്രമവും വെറുപ്പുമാണ് ഉണ്ടാക്കുന്നതെന്നും രാഹുല്‍ സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ ബഹളത്തിനാണ് ലോക്‌സഭ സാക്ഷിയായത്. ഹിന്ദുക്കളെ അക്രമികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഗൗരവതരമാണെന്ന് പ്രധാനമന്ത്രി, രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു.

ബിജെപിയും മോദിയും ആര്‍എസ്എസും മാത്രമല്ല ഹിന്ദുക്കള്‍ എന്നാണ് രാഹുല്‍ ഇതിന് മറുപടിയായി പറഞ്ഞത്. പ്രസംഗത്തിനിടെ ഭഗവാന്‍ ശിവന്റെ ചിത്രം ഉയര്‍ത്തികൊണ്ട്, ജനങ്ങളെ ഭയപ്പെടുത്താതിരിക്കൂ എന്ന് രാഹുല്‍ ഗാന്ധി ഭരണപക്ഷത്തോടായി പറഞ്ഞു. ബിജെപി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു. മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷങ്ങളും ആക്രമണങ്ങളും പരത്തുന്നു. ശിവന്റെ ചിത്രത്തിന് പുറമെ ഇസ്ലാം മതത്തിന്റെ ചിഹ്നം, ഗുരു നാനാക്ക് സിങ്, യേശു ക്രിസ്തു എന്നിവരുടെ ചിത്രങ്ങളും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തിനിടെ ഉയര്‍ത്തി കാട്ടി. ഇത് സ്പീക്കര്‍ ഓം ബിര്‍ള തടഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി ഇടപ്പെട്ടതിന് പിന്നാലെ ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായ ഭാഷയാണ് പ്രയോഗിച്ചത്. അഭിമാനത്തോടെ ഹിന്ദു എന്ന് പറയുന്നവരെ രാഹുല്‍ ഗാന്ധി അക്രമികളായിട്ടാണോ കരുതിയിരിക്കുന്നത്. 1984ല്‍ സിഖ് വിരുദ്ധ കലാപം നടത്തിയവര്‍ക്ക് അഹിംസയെ കുറിച്ച് പറയുന്നത്. അതുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്.

Also Read: NEET UG Case: നീറ്റ് പരീക്ഷ ക്രമക്കേട്; നിര്‍ണായക അറസ്റ്റുമായി സിബിഐ, മുഖ്യ സൂത്രധാരന്‍ പിടിയില്‍

എന്നാല്‍ ഇവയ്ക്ക് പുറമെ അഗ്‌നിവീര്‍ പദ്ധതി, മണിപ്പൂര്‍ കലാപം, കര്‍ഷകസമരം, നീറ്റ് പ്രതിസന്ധി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കാട്ടികൊണ്ട് രാഹുല്‍ തന്റെ പ്രസംഗം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിക്ക മുന്നില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വലതുപക്ഷ സംഘടനകള്‍ രാഹുലിന്റെ വസതിക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നീക്കം. അര്‍ധസൈനിക വിഭാഗത്തിന്റെ ഒരു പ്ലാറ്റൂണിനെയും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ നിരവധി സംഘങ്ങളെയുമാണ് ഇപ്പോള്‍ രാഹുലിന്റെ വസതിക്ക് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്.