Rahul Gandhi : ‘കരാട്ടെ പഠിച്ചത് എംപിമാരെ കയ്യേറ്റം ചെയ്യാനാണോ?’; രാഹുൽ ഗാന്ധി ഉപദ്രവിച്ചു എന്ന് ബിജെപി എംപിമാർ; ചോദ്യവുമായി കിരൺ റിജിജു
Rahul Gandhi Attacks MPs Kiren Rijiju Criticizes : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. രാഹുൽ ഗാന്ധി ബിജെപി എംപിമാരെ കയ്യേറ്റം ചെയ്തെന്നും അവർക്ക് പരിക്കേറ്റെന്നും ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു രാഹുൽ ഗാന്ധിയെ വിമർശിച്ചു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ബിജെപി എംപിമാർ. പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്ന രണ്ട് എംപിമാരാണ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. ബിആർ അംബേദ്കറുമായി (BR Ambedkar) ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയുടെ അമിത് ഷായുടെ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് സംഭവമെന്നാണ് ഇവർ ആരോപിച്ചത്. ഇതിനിടെ രാഹുൽ ഗാന്ധി കുങ്ഫുവും കരാട്ടെയും പഠിച്ചത് എംപിമാരെ കയ്യേറ്റം ചെയ്യാനാണോ എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചു.
വ്യാഴാഴ്ചത്തെ സെഷനിടെയാണ് സംഭവം നടന്നത്. അമിത് ഷായുടെ അംബേദ്കർ പരാമർശത്തെച്ചൊല്ലി പാർലമെൻ്റിൽ പ്രതിപക്ഷ എംപിമാർ ശബ്ദമുയർത്തിയിരുന്നു. ഇതിനിടെ, ഇടവേളയ്ക്ക് ശേഷം പുറത്തുനിന്ന് പ്രതിപക്ഷ എംപിമാർ കെട്ടിടത്തിനുള്ളിലേക്ക് വന്നപ്പോൾ പ്രധാന കവാടത്തിൽ വച്ച് ബിജെപി എംപിമാരിൽ ചിലർ ഇവരെ തടയാൻ ശ്രമിച്ചു. ഇങ്ങനെ രാഹുൽ ഗാന്ധിയെയും തടയാൻ ശ്രമിച്ചു. ഇവർ തടയാൻ ശ്രമിച്ചപ്പോൾ രാഹുൽ ഗാന്ധി തിരിച്ചുതള്ളി. ഇതിൽ തങ്ങൾക്ക് പരിക്കേറ്റു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്. തങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് എംപിമാരായ പ്രതാപ് സാരംഗിയും മുകേഷ് രജ്പുതും ആരോപിച്ചു.
Also Read : Vijay TVK: ‘അംബേദ്‌കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണ്’; അമിത് ഷായ്‌ക്കെതിരെ വിജയ്
“പാർലമെൻ്റിൽ കൈക്കരുത്തുപയോഗിക്കാൻ അദ്ദേഹത്തിനെങ്ങനെ കഴിയും? മറ്റ് എംപിമാരെ കായികമായി കയ്യേറ്റം ചെയ്യാൻ അദ്ദേഹത്തിന് എന്ത് അധികാരമുണ്ട്? അങ്ങ് കുങ്ഫുവും കരാട്ടെയും പഠിച്ചത് മറ്റ് എംപിമാരെ കയ്യേറ്റം ചെയ്യാനാണോ. പാർലമെൻ്റ് ഗുസ്തിക്കളമല്ല. രണ്ട് എംപിമാർക്ക് അദ്ദേഹത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. അവരെ ആശുപത്രിയിലെത്തിക്കാൻ പോവുകയാണ്. രാഹുൽ ഗാന്ധി മാപ്പ് പറയണം.”- കിരൺ റിജിജു പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി പ്രതികരിച്ചു. ജാപ്പനീസ് ആയോധനകലയായ ഐകിഡോയിൽ ബ്ലാക്ക് ബെൽറ്റ് എടുത്തിട്ടുള്ളയാളാണ് രാഹുൽ ഗാന്ധി.
അതേസമയം, ബിജെപി എംപിമാർ തന്നെ പിടിച്ചുതള്ളി എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പാർലമെൻ്റിലേക്ക് താൻ വന്നപ്പോൾ ഒരു കൂട്ടം എംപിമാർ തന്നെ തടയാൻ ശ്രമിച്ചു. തനിക്കൊപ്പം മല്ലികാർജുൻ ഖർഗെയുമുണ്ടായിരുന്നു. ഇവർ തങ്ങളെ തള്ളുകയും ഉന്തിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. തങ്ങൾ അകത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ബിജെപി എംപിമാർ തന്നെയും ഖർഗെയെയും ഭീഷണിപ്പെടുത്തി. പക്ഷേ, ഇതിൽ തങ്ങൾ പതറിയില്ല. ഇത് പാർലമെൻ്റാണ്. തങ്ങൾക്ക് അകത്തേക്ക് പോകാനുള്ള അവകാശമുണ്ട്. ഈ തള്ളിമാറ്റുന്നതൊക്കെ നിങ്ങളുടെ ക്യാമറയിൽ കാണും എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് കൂട്ടിച്ചേർത്തു.
ഇതിനിടെ തൻ്റെ മേൽ ആരോ വീണതിനെ തുടർന്ന് താൻ വീണ് പരിക്ക് പറ്റിയെന്ന് ബിജെപി എംപി പ്രതാപ് സാരംഗി പറഞ്ഞു. “രാഹുൽ ഗാന്ധി തള്ളിയ ആൾ എൻ്റെ പുറത്തേക്ക് വീണു. അപ്പോഴാണ് ഞാൻ വീണത്. ഞാൻ പടിക്കെട്ടുകൾക്കടുത്ത് നിൽക്കുകയായിരുന്നു. അപ്പോൾ രാഹുൽ ഗാന്ധി വന്ന് ഒരു എംപിയെ തള്ളുകയും ആ എംപി എൻ്റെ ദേഹത്തേക്ക് വീഴുകയും ചെയ്തു.”- പ്രതാപ് സാരംഗി പറഞ്ഞു. തലയിൽ ബാൻഡേജ് പിടിച്ച് വീൽ ചെയറിലുള്ള അദ്ദേഹത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
#WATCH | Delhi | BJP MP Pratap Chandra Sarangi says, “Rahul Gandhi pushed an MP who fell on me after which I fell down…I was standing near the stairs when Rahul Gandhi came and pushed an MP who then fell on me…” pic.twitter.com/xhn2XOvYt4
— ANI (@ANI) December 19, 2024
തിങ്കളാഴ്ചയാണ് അംബേദ്കറിനെതിരെ അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് ഉരുവിടുന്നത് ഒരു ഫാഷനായിക്കഴിഞ്ഞു. ഈ സമയത്ത് പ്രതിപക്ഷം ദൈവത്തിൻ്റെ നാമം ഉരുവിട്ടിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം കിട്ടിയേനെ എന്നായിരുന്നു അമിത് ഷായുടെ പരാമർശം. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നത്.