5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election 2024: ജൂണ്‍ നാലിന് ഇന്‍ഡ്യ സഖ്യം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും: രാഹുല്‍ ഗാന്ധി

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ് നടക്കുന്നത്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

Lok Sabha Election 2024: ജൂണ്‍ നാലിന് ഇന്‍ഡ്യ സഖ്യം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും: രാഹുല്‍ ഗാന്ധി
Rahul Gandhi
shiji-mk
Shiji M K | Updated On: 13 May 2024 20:31 PM

ന്യൂഡല്‍ഹി: ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. രാജ്യം അതിന്റെ പ്രശ്‌നങ്ങള്‍ക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയാണെന്ന് കൂട്ടമായി പോളിങ് ബൂത്തിലെത്തി കാണിച്ചുകൊടുക്കണമെന്നും രാഹുല്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു.

‘നിങ്ങളുടെ വോട്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്ന് ഓര്‍മ വേണം. കൂടാതെ, നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥയെ മാറ്റിമറിക്കാന്‍ കൂടിയുള്ളതാണ്. ഒരു വോട്ട് എന്നത് രാജ്യത്തെ യുവാക്കള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള ഒരു അവസരം കൂടിയായി വോട്ടിനെ കാണുക,’ രാഹുല്‍ പറഞ്ഞു.

അതേസമയം, ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ് നടക്കുന്നത്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 13 ഉം മഹാരാഷ്ട്രയില്‍ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങള്‍ വീതവും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലും ഇതേ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

1,717 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 7.70 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. ആന്ധ്രാപ്രദേശില്‍ ആകെയുള്ള 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡിഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നുതന്നെയാണ്.

അതേസമയം, 65.68 ശതമാനമാണ് പോളിങാണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്. അവിടെ 85.25 ശതമാനമാണ് പോളിങ്. 93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

ബിഹാര്‍- 5 സീറ്റുകള്‍-59.14 ശതമാനം വോട്ടിങ് രേഖപ്പെടുത്തി, ഗോവ രണ്ട് സീറ്റുകള്‍- 76.06 ശതമാനം, ഛത്തീസ്ഗഢ് 7 സീറ്റുകള്‍-71.98 ശതമാനം, കര്‍ണാടക 14 സീറ്റുകള്‍- 71.84 ശതമാനം, ദാദ്ര നഗര്‍ ഹവേലി& ദാമന്‍ ദിയു രണ്ട് സീറ്റുകള്‍ 71.31 ശതമാനം, മധ്യപ്രദേശ് 9 സീറ്റുകള്‍ 66.74 ശതമാനം, ഗുജറാത്ത് 25 സീറ്റുകള്‍ 60.13 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍.