Raghubar Das : രാജ്ഭവനിലെത്താൻ ആഡംബര കാറയച്ചില്ല; ജീവനക്കാരനെ മർദ്ദിച്ച് ചെരുപ്പ് നക്കാൻ ആവശ്യപ്പെട്ട് ഒഡിഷ ഗവർണറുടെ മകൻ
Ragubar Das Odisha Governor Son Lalit Kumar : റെയിൽവേ സ്റ്റേഷനിൽ നിന്ന് രാജ്ഭവനിലെത്താൻ ആഡംബര കാറയച്ചില്ലെന്നാരോപിച്ച് ഒഡീഷ ഗവർണറുടെ മകൻ ജീവനക്കാരനെ മർദ്ദിച്ചെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവൻ ജീവനക്കാരൻ പൊലീസിൽ പരാതിനൽകി.
ബംഗാൾ ഗവർണർ രഘുബർ ദാസിൻ്റെ മകൻ ലളിത് കുമാറിനെതിരെ ഗുരുതര പരാതിയുമായി രാജ്ഭവൻ ജീവനക്കാരൻ. ലളിത് കുമാർ മർദ്ദിക്കുകയും തുപ്പുകയും ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യവകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ബൈകുന്തനത്ത് പ്രധാൻ പറയുന്നു. സംഭവത്തിൽ പ്രധാൻ പൊലീസിൽ പരാതിനൽകി.
പരാതിപ്രകാരം ജൂലായ് ഏഴിനായിരുന്നു സംഭവം. രാത്രി റെയിൽവേസ്റ്റേഷനിൽ നിന്ന് പുരി രാജ്ഭവനിലേക്കെത്താൻ സാധാരണ കാറയച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം. ലളിത് കുമാറും രണ്ട് സഹായികളും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് പുരി ബീച്ച് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാരൻ പറയുന്നു. തൻ്റെ ദേഹത്ത് തുപ്പിയ സംഘം ഷൂ നക്കാനും തന്നോട് ആവശ്യപ്പെട്ടെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
Also Read : NITI Aayog’s SDG India Index: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നാലാം തവണയും ഒന്നാമനായി കേരളം
ജൂലായ് ഏഴിന് രാത്രി 11.45ഓടെ ഗവർണറുടെ പാചകക്കാരൻ ആകാശ് സിംഗ് ഓഫീസിലേക്ക് വന്നു. തന്നെ കാണണമെന്ന് ലളിത് കുമാർ ആവശ്യപ്പെട്ടതായി ആകാശ് സിംഗ് പറഞ്ഞു. അങ്ങനെ സ്യൂട്ട് നമ്പർ നാലിൽ എത്തിയപ്പോൾ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ട് ആഡംബര കാറുകള്‍ അയയ്ക്കാത്തതിന് തന്നെ ശകാരിച്ചു. അസഭ്യം പറയുകയും ചെയ്തു. ഇത് എതിർത്തപ്പോഴായിരുന്നു മർദ്ദനം. മുറിയിൽ നിന്ന് ഓടി അനക്സ് കെട്ടിടത്തിന് പിന്നിൽ ഒളിച്ചിരുന്നെങ്കിലും ലളിത് കുമാറിൻ്റെ രണ്ട് സുഹൃത്തുക്കൾ മർദ്ദിച്ചു. വിഷയത്തിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതിനൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും ജീവനക്കാരൻ പരാതിയിൽ പറയുന്നു.
മുൻ സൈനികനായ പ്രധാൻ കഴിഞ്ഞ മൂന്ന് വർഷമായി രാജ്ഭവനിലെ ജീവനക്കാരനാണ്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതിനൽകിയപ്പോൾ ഗവർണറെ കണ്ട് കാര്യം പറയാനായിരുന്നു നിർദ്ദേശം. തുടർന്ന് പ്രധാൻ ഗവർണറോട് കാര്യങ്ങൾ വിശദീകരിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല എന്നാണ് ആരോപണം.