R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
R Ashwin On Language Controversy: ഹിന്ദി ദേശീയ ഭാഷയല്ലെന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷകളിൽ ഒന്നാണെന്നുമായിരുന്നു അശ്വിൻ്റെ പ്രസ്താവന.
ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നുമാണ് അശ്വിൻ്റെ പ്രസ്താവന. ചെന്നൈയിലെ എഞ്ചിനീയറിങ് കോളജിൽ വച്ച് നടന്ന പരിപാടിക്കിടെ നടത്തിയ അശ്വിൻ്റെ പ്രസ്താവനയിൽ വിമർശനവുമായി ബിജെപി രംഗത്തുവന്നു. ഇതോടെ തമിഴ്നാട്ടിലെ ഭാഷാവിവാദം ചൂടുപിടിയ്ക്കുകയാണ്.
ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളജിൽ അശ്വിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. വേദിയിൽ വച്ച് പ്രസംഗിക്കാൻ കയറിയ താരം ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാൻ അറിയുമോ എന്ന് വിദ്യാർത്ഥികളോട് ചോദിച്ചു. അതാത് ഭാഷ സംസാരിക്കുന്നവർ ശബ്ദമുയർത്തണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം. തമിഴിന് വലിയ പ്രതികരണം ലഭിച്ചപ്പോൾ ഹിന്ദിക്ക് ലഭിച്ചത് വളരെ ദുർബലമായ പിന്തുണ. ഇതിന് പിന്നാലെയായിരുന്നു അശ്വിൻ്റെ ഹിന്ദി ഭാഷാ പരാമർശം.
വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൈയടിക്കൂ എന്ന് അശ്വിൻ ആവശ്യപ്പെട്ടപ്പോൾ സദസ്സില്‍ നിന്ന് കയ്യടികളുയർന്നു. തമിഴ് സംസാരിക്കുന്നവരെപ്പറ്റി ചോദിച്ചപ്പോള്‍ അതിലും വലിയ ആർപ്പുവിളികളാണ് ഉയർന്നത്. ഹിന്ദി സംസാരിക്കുന്നവരെപ്പറ്റി ചോദിച്ചപ്പോള്‍ സദസ്സ് നിശബ്ദമാവുകയായിരുന്നു. പിന്നാലെ ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷകളിൽ ഒന്നാണെന്നും അശ്വിൻ പറഞ്ഞു.
Also Read: R Ashwin Retirement: താങ്ക്യൂ അശ്വിൻ! ഗാബയിൽ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ
സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികരണവുമായി ബിജെപി രംഗത്തുവന്നു. ഭാഷാവിവാദത്തിൽ അശ്വിൻ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദൻ പറഞ്ഞു. ഡിഎംകെ അശ്വിനെ പിന്തുണയ്ക്കുന്നതിൽ വലിയ അതിശയമൊന്നുമില്ല. അശ്വിൻ ദേശീയ ക്രിക്കറ്റ് താരമാണോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നറിയാൻ തനിക്ക് താത്പര്യമുണ്ടെന്നും ഉമ പറഞ്ഞു.
വിഡിയോ കാണാം
Tamil Nadu: Former off spinner Ravichandran Ashwin says, “…I thought I’d say it all. It’s (Hindi) not our national language; It’s an official language. Okay, anyway”
(09/01/2025) pic.twitter.com/bR47icWZEU
— IANS (@ians_india) January 10, 2025
ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെയാണ് അശ്വിൻ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഗാബ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തനിക്ക് പകരം വാഷിംഗ്ടൺ സുന്ദറെ ടീമിൽ പരിഗണിച്ചതോടെയാണ് അശ്വിൻ പരമ്പരയ്ക്കിടെ വിരമിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളുയർന്നിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. മുൻ താരം അനിൽ കുംബ്ലെയാണ് ഈ പട്ടികയിൽ ഒന്നാമത്. 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകളാണ് തമിഴ്നാട് സ്വദേശിയായ ആർ അശ്വിൻ്റെ സമ്പാദ്യം. ഓഫ് സ്പിന്നർ എന്നതിനപ്പുറം പല നിർണായക ഘട്ടങ്ങളിലും അശ്വിൻ ബാറ്റ് കൊണ്ട് കൂടി ടീമിനെ സഹായിച്ചിട്ടുണ്ട്. ആറ് സെഞ്ച്വറികൾ ഉൾപ്പെടെ അശ്വിൻ ടെസ്റ്റ് കരിയറിൽ ആകെ നേടിയത് 3503 റൺസാണ്. 116 ഏകദിനങ്ങളിൽ നിന്നായി 156 വിക്കറ്റും 65 ടി-20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റും നേടിയ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഏഴാമതാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ് പുരസ്കാരം നേടിയിട്ടുള്ള താരം കൂടിയാണ് അശ്വിൻ.