Pune assualt Case: പൂനെയിൽ ബസിൽ യുവതിക്കു പീഡനം; പ്രതി അറസ്റ്റിൽ
Pune Assault Case Accused Arrested:പുനെയിലെ ഷിരൂരിൽനിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Dattatreya Gade
പുനെ: മഹാരാഷ്ട്ര പുനെയിൽ നിർത്തിയിട്ട ബസ്സിൽ വച്ച് 26 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ ഗഡെ (37) അറസ്റ്റിൽ. പുനെയിലെ ഷിരൂരിൽനിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വർഗതേ ഡിപ്പോയിൽ നിർത്തിയിട്ട ബസിൽ വച്ച് ചൊവ്വാഴ്ചയാണ് യുവതിക്കെതിരെ അതിക്രമമുണ്ടായത്. പോലീസ് സ്റ്റേഷനു 100 മീറ്റർ അകലെയാണ് സംഭവം നടന്നത്. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പ്രതി. ഇയാൾക്കെതിരെ കവർച്ച, മാല പൊട്ടിക്കൽ കേസുകളുണ്ട്. ഇതിൽ ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലാണ്.
പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഷിരൂരിലെ കരിമ്പ് പാടങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിൽ പോലീസിന്റെ സ്‌നിഫർ നായ്ക്കളും പങ്കെടുത്തു. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു, ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതി. ഇവരുടെ അടുത്തേക്ക് ബസ്സിന്റെ കണ്ടക്ടർ എന്ന വ്യജേനയാണ് പ്രതിയെത്തിയത്. സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താൻ അവിടെയെത്തിക്കാമെന്നും പറഞ്ഞ് ഇയാൾ യുവതിയെ ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു . ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്‌ഷൻ 64 (ബലാത്സംഗം), 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.